തിരുവനന്തപുരം. ശബരിമലയിൽ അയ്യപ്പഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുകയാണ് താൻ ആദ്യമായി ചെയ്യുന്ന കർത്തവ്യം എന്ന് കെ. ജയകുമാർ ഐ എഎസ് പറഞ്ഞു. ദേവസ്വം പ്രസിഡന്റ് സ്ഥാനം സന്തോഷത്തോടെ സ്വീകരിക്കുമെന്നും തന്നെ അതിന് തെരഞ്ഞെടുത്തതിൽ അത്യധികം ചാരിതാർത്ഥ്യം ഉണ്ടെന്നും കെ ജയകുമാർ വിശദീകരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജയകുമാർ. നിയമന ഉത്തരവ് അടുത്ത ദിവസം തന്നെ സർക്കാർ കെ ജയകുമാറിന് കൈമാറും. സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് ജയകുമാറിന്റെ പേര് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് സന്ദർശനം കഴിഞ്ഞശേഷം ഇന്ന് മടങ്ങിയെത്തി ജയകുമാറുമായി സംസാരിക്കും. അതിനുശേഷം ആയിരിക്കും ഉത്തരവ് കൈമാറുക. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് മാർക്ക് എതിരെ അന്വേഷണം വന്ന സാഹചര്യത്തിലാണ് സർവ്വ സമ്മതനായ കെ ജയകുമാറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്. നിരവധി ഉയർന്ന തസ്തികകളിൽ സർക്കാറിന്റെ ഭാഗമായ ജയകുമാർ തികഞ്ഞ അയ്യപ്പഭക്തൻ കൂടിയാണ്. ഗാനരചയിതാവ് കവി തുടങ്ങി എല്ലാ മേഖലകളിലും കഴിവ് പ്രകടിപ്പിച്ച കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ശോഭിക്കും എന്ന കണക്കുകൂട്ടലിലാണ് തികഞ്ഞ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിക്കൊണ്ട് കെ ജയകുമാറിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മണ്ഡല മകരവിളക്കു സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ശബരിമലയിൽ നിരവധി സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മാത്രമല്ല സ്വർണക്കൊള്ള വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ഭക്തജനങ്ങളെ മികച്ച ദർശനം നൽകി അവരുടെ എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം അയ്യപ്പന്റെ ഒരു രൂപ പോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും ദേവസ്വം ബോർഡിൽ ഉണ്ട്. അതുകൊണ്ടുതന്നെ ശബരിമലയിൽ പല തസ്തികകളിലും ഇരുന്നിട്ടുള്ള കെ ജയകുമാർ നല്ല ഒരു പ്രവർത്തനം ഭരണകാര്യങ്ങളിൽ കാഴ്ചവയ്ക്കുമെന്ന് എല്ലാവിധ ജനങ്ങൾക്കും അറിയാവുന്നതാണ്.