ചെർപ്പുളശ്ശേരി. തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഡിഎഫ് പല വാർഡുകളിലും നിശബ്ദ പ്രചാരണം തുടങ്ങി. ഇത്തവണ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് പരക്കെ പറയുന്നുണ്ടെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിലുള്ള സ്ഥാനാർത്ഥികളുടെ കഴിവിനെ അനുസരിച്ച് ആയിരിക്കും വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നല്ല ജന സ്വീകാര്യതയുള്ള സ്ഥാനാർത്ഥികളെ നിർത്തുന്നതിനാണ് മൂന്നു മുന്നണികളും പ്രാധാന്യം കൊടുക്കുക. കഴിഞ്ഞ തവണ മത്സരിച്ച പ്രമുഖരെല്ലാം തന്നെ യുഡിഎഫിൽ ഇത്തവണയും മത്സരിക്കുന്നുണ്ട്. നഗരസഭ അധ്യക്ഷയുടെ സ്ഥാനം വനിതകൾക്ക് മാറ്റിവെച്ച സാഹചര്യത്തിൽ യുഡിഎഫ് നഗരസഭയുടെ ആദ്യത്തെ അധ്യക്ഷയെത്തന്നെ ഉയർത്തിക്കാട്ടിയാവും ഇത്തവണയും മത്സരരംഗത്ത് വരുന്നത്.. ചുരുക്കം ചില വാർഡുകളിൽ പുതുമുഖങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നുണ്ട്. ഇത്തരം ആളുകൾ വാർഡുകളിൽ വീടുകൾ തോറും കയറി നിശബ്ദപ്രചരണവും ആരംഭിച്ചു കഴിഞ്ഞു.