anugrahavision.com

ചെർപ്പുളശ്ശേരിയിൽ നഗരസഭ തിരഞ്ഞെടുപ്പ് …ഇത്തവണ മത്സരം പൊടി പാറും

ചെർപ്പുളശ്ശേരി. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ചെർപ്പുളശ്ശേരി നഗരസഭയിൽ പൊടിപാറുന്ന മത്സരം ആയിരിക്കും ഇത്തവണ ഉണ്ടാവുക. നഷ്ടപ്പെട്ട നഗരസഭ തിരിച്ചുപിടിക്കാൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും മികച്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്. അടുത്ത ദിവസം നടക്കുന്ന ചെയർമാൻ, വൈസ് ചെയർമാൻ നറുക്കെടുപ്പ് എങ്ങനെയാവും എന്ന് വിലയിരുത്തിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുക. നഗരസഭ ചെയർമാൻ ജനറൽ ആണെങ്കിൽ യുഡിഎഫിലെ മുൻനിര നേതാക്കൾ തീർച്ചയായും മത്സരിക്കും. അഥവാ വനിത സംവരണമെങ്കിൽ പഴയ നഗരസഭ അധ്യക്ഷ തന്നെ ആവണം എന്നാണ് യുഡിഎഫ് ധാരണ. മാത്രമല്ല കഴിഞ്ഞ തവണ ഭരണം നടത്തിയ മിക്കവാറും ആളുകൾ എല്ലാം തന്നെ മത്സര രംഗത്ത് വരുമെന്ന് സൂചനയുണ്ട്. തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ചെർപ്പുളശ്ശേരിയിൽ നിലനിൽക്കുന്നത് എന്നത് യുഡിഎഫ് നേതൃത്വം പറയുന്നുണ്ട്.

എന്നാൽ തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഭരണം നിലനിർത്താൻ എൽഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. കാറൽമണ്ണ ചെർപ്പുളശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മത്സരിക്കുമെന്ന് ഉറപ്പാണ്. ചെയർമാൻ സ്ഥാനം വനിതയ്ക്ക് ആണെങ്കിൽ ഒരു റിട്ടയേർഡ് പ്രധാനാധ്യാപിക മത്സരിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട പതിനാലാം വാർഡിൽ ഇത്തവണ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്യുക വഴി അത് എൽഡിഎഫിന് തിരിച്ചുപിടിക്കാനാവും എന്ന  പ്രതീക്ഷയാണ് നിലനിൽക്കുന്നത്. എന്തായാലും മുതിർന്ന നേതാക്കൾ മത്സരിക്കില്ല എന്ന് തന്നെയാണ് എൽഡിഎഫ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടം ആയിരിക്കും ഇത്തവണ ചെർപ്പുളശ്ശേരി നഗരസഭയിൽ ഉണ്ടാവാൻ പോകുന്നത്

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും രണ്ട് കൗൺസിലർമാരെ നഗരസഭയിൽ എത്തിച്ച ബിജെപി ഇത്തവണ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് ആലോചിക്കുന്നത്. മാത്രമല്ല പൊതുസമ്മതരായ സ്വതന്ത്ര സ്ഥാനാർത്ഥികളും ഇത്തവണ മത്സര രംഗത്തെ വെല്ലുവിളികൾ ആകാൻ സാധ്യതേറുന്നു.

Spread the News

Leave a Comment