ഷാര്‍ജ: ഷാര്‍ജയില്‍ അവകാശികളില്ലാതെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14-ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏകദേശം മൂന്ന് മാസത്തിലേറെയായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ചില ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ജിനു ഷാര്‍ജയില്‍ തടവിലാണെന്ന തെറ്റിദ്ധാരണയായിരുന്നു നാട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന്, നാട്ടിലെ സഹോദരി ജിജി നടത്തിയ തീവ്രമായ അന്വേഷണത്തിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ അവര്‍ സഹായത്തിനായി ഹൈക്കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലും എസ്.എന്‍.ഡി.പി യോഗം പന്തളം യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ സമീപിച്ചു.
അഡ്വ. സിനില്‍ മുണ്ടപ്പള്ളി എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെടുകയും, അദ്ദേഹം യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ ഏല്‍പ്പിക്കുകയും ചെയ്തു. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് കേസില്‍ വഴിത്തിരിവായത്. ജിനു യു.എ.ഇ ജയിലുകളില്‍ ഇല്ലെന്നും മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ ഉണ്ടെന്നും കണ്ടെത്താനായി. മോര്‍ച്ചറിയില്‍ അവകാശികളെ കാത്തിരിക്കുകയായിരുന്നു ശരീരം.
തുടര്‍ന്ന്, കോടതിയുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ അടക്കം ചെയ്യാനുള്ള തീരുമാനത്തിന് സ്റ്റേ വാങ്ങുകയും, നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കുകയും ചെയ്തു. ജിനുവിന്റെ ബന്ധുവായ വില്‍സനെ പ്രസാദ് ശ്രീധരന്‍ കണ്ടെത്തുകയും, യാബ് ലീഗല്‍ സര്‍വീസ് പ്രതിനിധികള്‍, എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോയി ബുധനാഴ്ച 1 മണിക്ക് സംസ്‌കരണം നടത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിനു ഭാര്യയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. സഹോദരിയുമായി മാത്രമേ ബന്ധം നിലനിര്‍ത്തിയിരുന്നുള്ളൂ.അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയിരുന്നു. പ്രായമായ അഛന്‍ രോഗിയാണ്. 2025 ജൂലായ് 7 – നാണ് ജിജി അവസാനമായി ജിനുവുമായി ബന്ധപ്പെട്ടത്.
2009- ലാണ് ജിനുരാജ് യു.എ.ഇ യിലെത്തിയത്. ടാക്‌സി ഡ്രൈവറായും അജ്മാനില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായും ജോലി ചെയ്തു. പിന്നീട് ജോലി നഷ്ടപ്പെടുകയും വിസാ കാലാവധി കഴിയുകയും ചെയ്തു. ഓവര്‍ സ്‌റ്റേ യിലായിരുന്ന ജിനുരാജ് കഴിഞ്ഞ പൊതുമാപ്പില്‍ വിസ നിയമാനുസൃതമായിരുന്നു. ജോലി നഷ്ടപ്പെട്ട സമയത്ത് റഷ്യയിലും മറ്റും കൊണ്ടുപോകാമെന്ന വാഗ്ദാനത്തില്‍ യുഎഇയിലെ മലയാളി ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമത്തിലായിരുന്നു ജിനു.