കാസർകോട് എടച്ചാക്കെ അഴിക്കോട് നടന്ന ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി കുറ്റകരമായ ശൈശവ വിവാഹം നടത്താൻ കൂട്ട് നിന്നവർക്കൊപ്പം നിലവിൽ താമസിക്കുന്നത് ഒഴിവാക്കി പെൺകുട്ടിയെ സർക്കാരിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ട് ലഭിച്ച പരാതി സംസ്ഥാന പോലീസ് മേധാവി പരിഗണിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതി സംസ്ഥാന ബാലാവകാശ കമ്മീഷൻ രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി.
അഴിക്കോട് നടന്ന ശൈശവ വിവിവാഹത്തിന് ചന്തേര പോലീസ് നാല് പേർക്ക് എതിരെ കേസ് എടുത്തു. പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവും പെൺകുട്ടിയുടെ പിതാവും വിവാഹം മതപരമായി നടത്തി കൊടുത്ത മതപുരോഹിതനും മത സ്ഥാപനത്തിന്റെ കമ്മറ്റി സെക്രെട്ടറിയെയും പ്രതി ചേർത്താണ് പോലീസ് കേസ് എടുത്തത്. വിവാഹം കഴിച്ച യുവാവ് രാജ്യം വിട്ടെന്നാണ് വിവരം ലഭ്യമായിട്ടുള്ളത്. ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി നിലവിൽ കേസിന്റെ തുടർ നടപടി തുടരവെ ശൈശവ വിവാഹമെന്ന കുറ്റകൃത്യം നടത്തി കൊടുക്കുവാൻ പങ്കാളികളായവരോടൊപ്പം താമസിക്കുന്നത് ഒഴിവാക്കി സർക്കാരിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി സ്വതന്ത്ര മൊഴിയും തെളിവുകളും ഉറപ്പാക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.