anugrahavision.com

അര്‍ജന്റീന ടീം സന്ദര്‍ശനം*: *പ്രചാരണങ്ങള്‍* *വാസ്തവ വിരുദ്ധം*

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശന തീയതി മാറ്റം വന്നതിനെ തുടര്‍ന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണ്. സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന തരത്തില്‍ നടത്തുന്ന പ്രചരണം അങ്ങേയറ്റം ദുരുദ്ദേശപരമാണ്.

നവംബര്‍ 30 കഴിഞ്ഞ് സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും സ്‌പോണ്‍സര്‍ക്ക് നല്‍കിയിട്ടില്ല. തങ്ങളുടെ~ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ തുടര്‍ന്ന് നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും ഉപയോഗിക്കാം. ജിസിഡിഎയ്ക്കോ സര്‍ക്കാരനോ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ സ്റ്റേഡിയം നവീകരിക്കുന്നതിനെയാണ് ചില മാധ്യമങ്ങളും സ്ഥാപിത താല്‍പ്പര്യക്കാരും വലിയ പാതകമായി വ്യാഖ്യാനിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്‌പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യം അറിയിച്ച് 2 സ്ഥാപനങ്ങള്‍ ആദ്യം സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്‌പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറായി നിശ്ചയിക്കുകയും അവര്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനു(എഎഫ്എ)മായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുകയുമായിരുന്നു. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. അര്‍ജന്റീനയുമായി ഒരു കരാറും ഇല്ലെന്നും ടീം വരില്ലെന്നുമാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. കേരളത്തില്‍ വരുന്ന വിവരം എഎഫ്എ തന്നെ ഔേദ്യാഗികമായി പ്രഖ്യാപിച്ച ശേഷമാണ് മാധ്യമങ്ങള്‍ മത്സരം നടക്കുമെന്ന വാര്‍ത്ത നല്‍കിയത്. ചില മാധ്യമങ്ങള്‍ ടിക്കറ്റ് നിരക്ക് സ്വയം നിശ്ചയിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

ജിസിഡിഎ സര്‍ക്കാരിന് നല്‍കിയ കത്ത് പ്രകാരമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സര്‍ക്കാര്‍ പിഎസ്‌യു ആയ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാന്‍ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയം സജമാക്കാന്‍ ഗ്രൗണ്ട് നവീകരണം, പുതിയ കസേരകള്‍ സ്ഥാപിക്കല്‍, ഫ്‌ളഡ്‌ലിറ്റ് സൗകര്യം നവീകരിക്കല്‍, മറ്റു സിവില്‍ വര്‍ക്കുകള്‍ എന്നീ കാര്യങ്ങള്‍ നടത്തേണ്ടതായി വന്നു. ഈ പ്രവൃത്തികള്‍ക്കെല്ലാമുള്ള സാമ്പത്തിക ഉത്തരവാദിത്തം സ്‌പോണ്‍സര്‍ നിര്‍വഹിക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. മേല്‍നോട്ടത്തിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഒരു ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

അര്‍ജന്റീന സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക്് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ അപമാനമാണ്. നവംബറില്‍ നിശ്ചയിച്ച മത്സരം മാറ്റേണ്ടിവന്ന സാഹചര്യം മന്ത്രിയും സ്‌പോണ്‍സറും മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചതാണ്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതിന്മേല്‍ വിശദീകരണം തേടി മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മാധ്യമ ഗുണ്ടായിസമാണ്.

കര്‍ണാടകയിലെ ഭൂമി കുംഭകോണം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. കായിക പ്രേമികള്‍ക്ക് അര്‍ജന്റീന യുടെ മത്സരം കാണാനുള്ള അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഫിഫ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കൊച്ചി സ്റ്റേഡിയത്തെ ഇന്ത്യയിലെ രണ്ടാമത്തെ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്റ്റേഡിയമായി ഉയർത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇത്തരത്തിലൊരു സ്റ്റേഡിയം ഉയർന്നു വരുന്നതിനെ തകർക്കാനുള്ള ഗൂഢനീക്കാമായി മാത്രമേ ഇപ്പോഴുള്ള പ്രചാരണങ്ങളെ കാണാൻ കഴിയൂ. സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ തുടരും. മറിച്ച് നടക്കുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളയണം.

Spread the News

Leave a Comment