ശബരിമല. രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി. പമ്പയിൽ നിന്നും കെട്ടുമുറുക്കി പ്രത്യേക വാഹനത്തിൽ സന്നിധാനത്തിൽ എത്തിയ രാഷ്ട്രപതിയെ തന്ത്രി പൂർണ്ണ കുഭം നൽകി സ്വീകരിച്ചു. തുടർന്ന് ശ്രീകോവിനു മുന്നിൽ എത്തിയ രാഷ്ട്രപതിയെ മേൽശാന്തിയും തന്ത്രിയും പ്രസാദം നൽകി സ്വീകരിച്ചു.
ഇരുമുടിക്കെട്ടുകൾ നടയിൽ വച്ചശേഷം അയ്യപ്പനെ ആവോളം കണ്ട് തൊഴാൻ രാഷ്ട്രപതിക്ക് അവസരമൊരുക്കി. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലും വാവര് നടയിലും രാഷ്ട്രപതി ദർശനം നടത്തി. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതി ഉച്ചയൂണിന് ശേഷം മൂന്നുമണിക്ക് സന്നിധാനത്തിൽ നിന്നും പമ്പയിലേക്കും തുടർന്ന് നിലക്കലേക്കും ഹെലികോപ്റ്റർ മാർഗ്ഗം തിരുവനന്തപുരത്തേക്കും യാത്രയാവും. നാല് ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്. വലിയ സുരക്ഷാ സംവിധാനങ്ങളാണ് രാഷ്ട്രപതിക്ക് വേണ്ടി കേരളത്തിൽ ഒരുക്കിയിരിക്കുന്നത്.