മരുന്ന് ക്യാപ്‌സൂളിൽ മൊട്ട് സൂചി ലഭിച്ചെന്ന ആക്ഷേപം വിതരണവും ഉപയോഗവും താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയതായി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് ആരോഗ്യവകുപ്പ്.
സർക്കാർ ആശുപത്രി ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ക്യാപ്‌സൂളിൽ നിന്ന് രോഗിയ്ക്ക് മൊട്ട് സൂചി ലഭിച്ചെന്ന ആരോപണത്തെ തുടർന്ന് പരാതിയ്ക്ക് ആധാരമായ മരുന്നിന്റെ വിതരണവും ഉപയോഗവും താൽക്കാലികമായി നിർത്തി വയ്ക്കുന്നതിന് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ടിലാണ് പരാതിക്ക് ആധാരരാമായ മരുന്നിന്റെ വിതരണവും ഉപയോഗവും താൽക്കാലികമായി നിർത്തി വയ്ക്കുന്നതിന് വേണ്ട നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കുന്നത്. കേസ് വരുന്ന നവംബർ ഏഴാം തീയതി മനുഷ്യാവകാശ കമ്മീഷൻ വീണ്ടും പരിഗണിക്കും.
വിതുര മീനാങ്കൽ സ്വദേശിയായ വസന്ത എന്ന സ്ത്രീ കഴിഞ്ഞ ജനുവരി പതിനാലാം തീയതി വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രോഗിയ്ക്ക് ഫാർമസിയിൽ നിന്ന് ക്യാപ്സൂൾ മരുന്നും നൽകിയിരുന്നു. ഇവർക്ക് ലഭിച്ച ക്യാപ്‌സൂളിലാണ് മൊട്ട് സൂചി ലഭിച്ചെന്ന് പരാതി ഉയർന്നത്. കണ്ടെത്തിയ മൊട്ട് സൂചിയും ഇരുന്ന ക്യാപ്സൂളും ആരോഗ്യ വകുപ്പ് ശേഖരിച്ച് അന്വേഷണത്തിന് അയച്ചു. പ്രസ്തുത മരുന്നിന്റെ മുഴുവൻ സ്റ്റോക്കും എല്ലാ ആരോഗ്യ സ്ഥാപനങ്ങളോടും പരിശോധിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.