കൊച്ചി. . പാമ്പ് കടിയേൽക്കൽ രോഗമായി പ്രഖ്യാപിച്ച്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പാമ്പ് കടി വിഷബാധ എന്നത് സംസ്ഥാനമൊട്ടാകെ പൊതു ജനാരോഗ്യ പ്രാധാന്യമുള്ള രോഗമായി പ്രഖ്യാപിച്ചതായി വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കുന്നു.
സുൽത്താൻ ബത്തേരി സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്ന അഞ്ചാം ക്ലാസ്സുകാരിക്ക് ക്‌ളാസ് റൂമിൽ 2019-ൽ പാമ്പ് കടിയേറ്റ് കുട്ടി മരിക്കുവാൻ ഇടയായ സാഹചര്യത്തിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജിയിൻ മേൽ പാമ്പ് കടിയേൽക്കൽ രോഗമായി പ്രഖ്യാപിച്ച് കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് കഴിഞ്ഞ മാസം ഇരുപത്തി ആറിന് ചീഫ് സെക്രെട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര സ്വഭാവത്തിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ള രോഗമാണ്. കടിയേറ്റാൽ ഉചിത ചികിത്സ സമയബന്ധിതമായി നൽകിയില്ലെങ്കിൽ വ്യക്തിയുടെ മരണത്തിനോ മാരകമായതോ സ്ഥിരമായ വൈകല്യത്തിലേയ്ക്ക് നയിച്ചേക്കാവുന്നതോ ആയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 2023-ലെ പൊതുജനാരോഗ്യ ആക്റ്റിലുള്ള രോഗങ്ങളുടെ പട്ടികയിൽ പാമ്പ് കടിയേൽക്കലും രോഗമായി ഇതോടെ ഉൾപ്പെട്ടു.