കൊച്ചി. പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് തൃശൂർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച മൂന്ന് വയസ്സുകാരിക്ക് ആന്റിവെനം നൽകാത്തതും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങളിലെ നീതി നിഷേധം പരിശോധിക്കുവാൻ മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി ഓഫീസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.
പാമ്പ് കടിയേറ്റ ആലമറ്റം കാച്ചപ്പിള്ളി ബിനോയിയുടെയും ലയനയുടെയും മൂന്ന് വയസ്സ് പ്രായമുള്ള മകൾ ആവ്റിനെ അടിയന്തിര സ്വഭാവത്തിൽ തൃശൂർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ ബി.എസ്. ശ്രീലേഖ കുട്ടിയ്ക്ക് ആന്റിവെനം നൽകാൻ തയ്യാറായില്ല. കുട്ടി അബോധാവസ്ഥയിൽ ആകുന്നതിന് മുമ്പ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഒപിയിൽ വളരെ നേരം കുട്ടിയ്ക്ക് കാത്ത് ഇരിക്കേണ്ടിയും വന്നു.
ആന്റിവെനം ഉണ്ടായിരുന്നിട്ടും കുട്ടിക്ക് മരുന്ന് നൽകുവാൻ തയ്യാറാകാതെ മറ്റൊരു സ്ഥാപനത്തിലേക്ക് അയയ്ക്കുകയും യാത്രാ മദ്ധ്യേ കുട്ടി മരണപ്പെടുകയും ചെയ്തു. ആന്റിവെനം ആശുപത്രിയിൽ ഉണ്ടായിരുന്നിട്ടും നൽകാത്ത സംഭവത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി ഡോക്ടർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ ഡയറക്ടർക്ക് ശുപാർശ നൽകി. പ്രസ്തുത ശുപാർശയിൽ ആദ്യം നടപടി സ്വീകരിക്കുവാൻ ഡയറക്ടർ തയ്യാറാകാതെ മറ്റൊരു അന്വേഷണത്തിന് ഉത്തരവ് നൽകിയത് നീതി നിഷേധമാണെന്നാണ് കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കുട്ടി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും നടപടി അവസാനിപ്പിക്കുകയും ചെയ്തു. മരുന്ന് നൽകാത്തതടക്കം കുട്ടിയ്ക്ക് ആശുപത്രി ഓപിയിൽ വളരെ വളരെ നേരം കാത്ത് ഇരിക്കേണ്ടി വന്നത് സംബന്ധിച്ചും ഉത്തരവാദിത്വപ്പെട്ടവർക്ക് എതിരെ നടപടി ശുപാർശ ഡിവൈഎസ്പി നൽകിയിട്ടും പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഡോക്ടർക്ക് എതിരെ കേസ് എടുത്ത് തുടർ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആദ്യ അന്വേഷണ റിപ്പോർട്ടുകളെ അട്ടിമറിക്കുവാൻ ഇതിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് മുമ്പ് ആരോപണ വിധേയയുടെ സമ്മർദ്ദത്തിന് വഴിപ്പെട്ട് മറ്റൊരു അന്വേഷണം പ്രഖ്യാപിച്ച് അന്വേഷണ നടപടികൾ നീട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള നീതി നിഷേധങ്ങൾ അച്ചടക്ക ലംഘനവും നിയമ വിരുദ്ധവുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്നു.