ഒറ്റപ്പാലം. കോതകുര്‍ശ്ശി 110 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം തരുവക്കോണം കനാല്‍ പരിസരത്ത് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു പ്രവൃത്തി ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മനസിലാകുന്ന രീതിയില്‍ ഡാഷ് ബോര്‍ഡ് തയ്യാറാക്കി പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് വികസന രംഗത്ത് ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ജില്ലയില്‍ ഒരു 400 കെ.വി സബ്‌സ്റ്റേഷന്‍, രണ്ട് 200 കെ.വി സബ്‌സ്റ്റേഷനുകള്‍, 18 110 കെ.വി സബ്‌സ്റ്റേഷനുകള്‍, രണ്ട് 66 കെ.വി സബ്‌സ്റ്റേഷനുകള്‍, 21 33 കെ.വി സബ്‌സ്റ്റേഷനുകള്‍ എന്നിവ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ 61.5 കോടിയില്‍ നിലവിലുള്ള 220 കെ.വി സബ്‌സ്റ്റേഷന്‍ ബൃഹത്തായ നവീകരണ പദ്ധതിയുടെ അവസാന ഘട്ടത്തിലാണ്. വെണ്ണക്കരയില്‍ പുതിയ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു. അഗളിയില്‍ 220 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറവായ ഘട്ടത്തിലും ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയുന്നത് വൈദ്യുതി പ്രസരണ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ വന്‍ പുരോഗതിയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ 99 സബ്‌സ്റ്റേഷനുകളാണ് പൂര്‍ത്തിയാക്കാനായത്. 678 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം ഉണ്ടാകുന്ന തരത്തില്‍ കൃഷി-വൈദ്യുത വകുപ്പുകള്‍ സഹകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.ബി.എല്‍ ട്രാന്‍സ്മിഷന്‍ നോര്‍ത്ത് റീജിയന്‍ ചീഫ് എന്‍ജിനീയര്‍ എസ്. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജേന്ദ്രപ്രസാദ്, അനങ്ങനടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രന്‍, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ലതിക, അനങ്ങനടി ഗ്രാമപഞ്ചായത്ത് അംഗം സി.പി ശശി, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി ശൈലജ, പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
No Comment.