കൊച്ചി. സംസ്ഥാനത്ത് രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നല്കരുതെന്നതടക്കം ഇവയുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റും ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കാത്തത് പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് നിർദ്ദേശം നൽകി . ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശിലെ ചിദ്വാരയിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നും വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര നിർദ്ദേശംഉണ്ടായത്. കോൾഫിൻ സിറഫിന്റെ വില്പന നിരോധിച്ചിട്ടുമുണ്ട്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകളോ, ഒന്നിലധികം മരുന്ന് ചേരുവകൾ ചേർത്ത സംയുക്ത ഫോർമുലേഷനുകളോ നൽകരുതെന്ന് ഡ്രഗ്സ് കൺട്രോളറും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ നിയന്ത്രണ അധികാരികളായ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റും ഇത് സംബന്ധിച്ച് ഡോക്ടർമാർക്ക് ഏതൊരു മാർഗ്ഗനിർദ്ദേശവും സർക്കുലറായി നൽകുവാൻ ഇതുവരെ തയ്യാറായിട്ടില്ല.
അതിനാൽ മരുന്ന് നൽകുന്നതിലെ വിലക്കും നിയന്ത്രണവും വ്യക്തമാക്കുന്ന സർക്കുലർ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റ് എന്നിവരെ കൊണ്ട് അടിയന്തിരമായി പുറപ്പെടുവിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.