anugrahavision.com

എയ്ഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടി നടത്തിയ പ്രസ്താവന

തിരുവനന്തപുരം. എയിഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ ഉയർത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ എല്ലാ എയിഡഡ് സ്കൂൾ മാനേജ്മെന്റുകളും 1958-ലെ കേരള വിദ്യാഭ്യാസ ആക്ടും (KER Act, 1958) 1959-ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളും (KER, 1959) അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. ഈ നിയമവ്യവസ്ഥയെ മറികടക്കാൻ ആർക്കും സാധ്യമല്ല. സർക്കാരിന്റെ എല്ലാ നടപടികളും ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമുള്ളതാണ്.

എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്മെന്റുകൾ തന്നെയാണ്. സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.

ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2021-ൽ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഒരു കേസ് നിലവിൽ വന്നിരുന്നു. അന്നുമുതൽ 2025 വരെ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ മാനേജ്മെന്റുകൾ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. നാലുവർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ, ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകളെ മറച്ചുവെക്കാനാണ്.

ബഹുമാനപ്പെട്ട കോടതി വിധികളെയും സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപ്പോവില്ല. അവസരം കിട്ടുമ്പോഴൊക്കെ എൽ.ഡി.എഫ് സർക്കാരിനെതിരെ സ്ഥാനത്തും അസ്ഥാനത്തും പ്രതിഷേധിക്കുന്നവർ തന്നെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലും എന്ന് സർക്കാർ തിരിച്ചറിയുന്നുണ്ട്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

അതോടൊപ്പം സ്വകാര്യ മാനേജ്മെന്റുകളുടെ നിയമപരമായ അവകാശങ്ങളെയും സർക്കാർ മാനിക്കുന്നു. എന്നാൽ, നിയമം ലംഘിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല.
വെല്ലുവിളികളുടെയും സമരങ്ങളുടെയും പാതയല്ല നമുക്ക് വേണ്ടത്. ചർച്ചകളിലൂടെ കൂട്ടായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ജനാധിപത്യപരമായ രീതി. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. അനാവശ്യ സമരങ്ങളിൽ നിന്ന് പിന്മാറി ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.

Spread the News

Leave a Comment