പാലക്കാട് സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ ന്യൂനപക്ഷ ക്ഷേമ – ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവിഭാഗ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം വികസന പദ്ധതികളുടെ സംസ്ഥാന തല നിർമാണോദ്ഘാടനം കുഴൽമന്ദം പഴയകളം അംബേദ്കർ ഗ്രാമത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൻ്റെ ഉന്നമനം ഉണ്ടാവണമെന്ന ലക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ ഏറ്റെടുത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്ന് 264 പ്രദേശങ്ങളിൽ അംബേദ്കർ കോളനി നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കുകയും പുതിയതായി 364 പ്രദേശങ്ങളിൽ നിർമ്മാണം ഏറ്റെടുക്കാനും കഴിഞ്ഞു. വിശപ്പുരഹിത കേരളമായി സംസ്ഥാനം മാറുകയാണ്. സർവ്വേയിലൂടെ കണ്ടെത്തിയ സംസ്ഥാനത്തെ അതിദരിദ്രരെ അതിൽ നിന്നും മോചിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. ഇതിലൂടെ ഏറ്റവും കുറവ് അതിദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം മുന്നിൽ നിൽക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ആദിവാസി മേഖലയിൽ നിന്ന് 500 ഉദ്യോഗാർത്ഥികളെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം നടത്തിയത് ഉൾപ്പെടെ സർക്കാരിന്റെ വലിയ നേട്ടമാണ്. എസ്.സി, എസ്.ടി പ്രമോട്ടർമാരുടെ സഹായത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും നടക്കുന്നു. വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന് പൊതുപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണം. അട്ടപ്പാടിയിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2023-24 വർഷത്തിൽ പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 64, പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 76 ഗ്രാമങ്ങളുടെയും നിർമാണോദ്ഘാടനവും നടന്നു. 140 ഗ്രാമങ്ങളിലും ഓരോ കോടി രൂപയുടെ വീതം വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പട്ടികവർഗ വികസന വകുപ്പ് നിർമാണം പൂർത്തിയാക്കിയ അഞ്ച് ഗ്രാമങ്ങളുടെ ഉദ്ഘാടനവും നടത്തി.
കെ.ഡി പ്രസേനൻ എം.എൽ.എ. അധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ദേവദാസ്, ജില്ലാ പഞ്ചായത്ത് അംഗം ആർ. അഭിലാഷ്, പട്ടികജാതി വികസന വകുപ്പ് അഡീഷണൻ ഡയറക്ടർ വി. സജീവ്, കുഴൽമന്ദം പട്ടികജാതി വികസന ഓഫീസർ കെ. സുന്ദരൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വി. പങ്കജാക്ഷൻ, എൻ.എം ഇന്ദിര, ടി.ഡി രമ്യാരാജ്, ഒ. ഷമീന, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ് ശ്രീജ എന്നിവർ പങ്കെടുത്തു.
No Comment.