anugrahavision.com

എന്റെ സ്‌കൂൾ എന്റെ അഭിമാനം-റീൽസ് മത്സരം*

വിദ്യാലയ മികവുകൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് വീഡിയോ നിർമ്മാണ പരിശീലനത്തിനായി പ്രത്യേക റീൽസ് മത്സരം നടത്തുന്നു. ‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ എന്നതാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് വിഷയമാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന 100 റീലുകൾക്ക് 5,000 രൂപ വീതം സമ്മാനം ലഭിക്കും.

ആങ്കറിങ്, ഇന്റർവ്യൂകൾ തുടങ്ങിയവയെല്ലാം കുട്ടികൾ തന്നെയാവണം നിർവഹിക്കേണ്ടത്. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളാകും ഇതിന് മുൻകൈയ്യെടുക്കുന്നത്. സ്വന്തം സ്‌കൂളിന് പുറമെ സമീപ പ്രദേശത്തെ സ്‌കൂളുകളെയും റീൽസ് എടുക്കുന്നതിന് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ എൽപി – യുപി സ്‌കൂളുകൾക്കാണ് മുൻഗണന നൽകേണ്ടത്. ഒരു സ്‌കൂളിനെക്കുറിച്ച് 90 സെക്കന്റിൽ കൂടാത്തവിധം വേണം റീലുകൾ തയ്യാറാക്കേണ്ടത്. റീലുകൾ സ്‌കൂളിന്റെ സാമൂഹിക മാധ്യമ പേജിൽ (ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്) പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്യണം. #എന്റെസ്‌കൂൾഎന്റെഅഭിമാനം, #MySchoolMyPride, #victerseduchannel എന്നീ ഹാഷ്ടാഗുകളിൽ വേണം അവരവരുടെ പേജിൽ പോസ്റ്റ് ചെയ്യാൻ. വെർട്ടിക്കലായി വേണം ഷൂട്ട് ചെയ്യാൻ.
ഫയലുകൾ 50 MB size ൽ കൂടാത്തവിധം MP4 ഫോർമാറ്റിൽ ആയിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. വീഡിയോയുടെ ഫയൽ നെയിമിൽ ആദ്യം ജില്ലയുടെ പേരും പിന്നെ സ്‌കൂൾ കോഡും ചേർന്നാവണം നൽകേണ്ടത് (ഉദാ: ഗവ. എച്ച്.എസ്.എസ് പനമറ്റം, കോട്ടയം തയ്യാറാക്കുന്ന ഒന്നാമത്തെ റീലിന്റെ ഫയൽ നെയിം – Kottayam32065_1).
തിരഞ്ഞെടുക്കുന്ന റീലുകൾ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യും. ഇതിനോടൊപ്പം വിക്ടേഴ്സ് ചാനലിന്റെ 8714323499 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് റീലുകൾ അയയ്‌ക്കേണ്ടതാണ്. പ്രത്യേക ജൂറി ആയിരിക്കും മികച്ച റീലുകളെ തിരഞ്ഞെടുക്കുക. കൈറ്റ് ജില്ലാ ഓഫീസുകൾ/കൈറ്റിന്റെ വെബ്‌സൈറ്റ് മുഖേന ലഭ്യമാക്കുന്ന എൻഡ് കാർഡ് ആയിരിക്കണം വീഡിയോയുടെ അവസാനം ഉപയോഗിക്കേണ്ടത്.
റീൽസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9. ഇത് സംബന്ധമായ വിശദമായ വിവരങ്ങൾ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭിക്കും. എല്ലാ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും റീൽസ് തയ്യാറാക്കി കൈറ്റ് വിക്ടേഴ്‌സിലേക്ക് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും അതത് കൈറ്റ്-മാസ്റ്റർ ട്രെയിനർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

Spread the News

Leave a Comment