ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ കെ എസ് വിഷ്ണു ദേവ് അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദകർക്ക് സംഗീത മഴയായി മാറി. ആനന്ദനടന പ്രകാശം എന്ന കേദാര രാഗ കൃതിയിലായിരുന്നു വിഷ്ണു ദേവ് തുടക്കം കുറിച്ചത്. മോക്ഷമംഗലദാ… എന്ന സാരമതി രാഗത്തിലുള്ള ത്യാഗരാജ കൃതിയുടെ ആലാപനത്തിനുശേഷം അപൂർവ രാഗമായ ഋഷഭപ്രിയയിലുള്ള നന്ദീശ വന്ദേ എന്ന കീർത്തനം ആണ് ആലപിച്ചത്. തുടർന്ന് സ്വാതി തിരുനാൾ കൃതിയായ ജയ ജയ പത്മനാഭ.. എന്ന് കീർത്തനം ദ്രുത കാലത്തിൽ ആലപിച്ചപ്പോൾ സദസ്സിൽ നിന്ന് കരഘോഷം ഉയർന്നു. വിജു എസ് ആനന്ദ് വയലിൻ, ഡോക്ടർ കെ ജയകൃഷ്ണൻ മൃദംഗം, ശ്രീജിത്ത് വെള്ളാറ്റഞ്ഞൂർ ഘടം എന്നിവർ വിവിധ വാദ്യങ്ങളിൽ അകമ്പടിയേകി