ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ സൗമ്യവും വ്യക്തവുമായ സംഗീത ധാര പൊഴിച്ച സ്വരാത്മിക ചെന്നൈയുടെ സംഗീതക്കച്ചേരി ആസ്വാദകരിൽ നവ്യാനുഭവം പടർത്തി. ആ ഭോജി രാഗത്തിൽ തുടങ്ങി രഞ്ജിനി രാഗത്തിലുള്ള കാമാക്ഷി സ്തുതിയിലാണ് സ്വരാത്മിക കച്ചേരി തുടങ്ങിവച്ചത്.
രസികപ്രിയ വിജയനാഗരി വിജയാംബികയെ തുടങ്ങിയ കൃതികൾ ലാളിത്യത്തോടെയും സൗമ്യ ആലാപനത്തോടെയും പ്രേക്ഷകർക്ക് പകർന്നപ്പോൾ കാണികളിൽ സംഗീതത്തിന്റെ പൂമഴ തന്നെ പെയ്യിച്ചു.. കുമാരി വെണ്ണിലാ ചെന്നൈ വയലിനീലും, പൂങ്ങാട് സനോജ് മൃദംഗത്തിലും, രോഹിത് പ്രസാദ് ഘടത്തിലും കച്ചേരിയെ അനുഗമിച്ചു. പുറത്ത് കോരിച്ചൊരിയുന്ന മഴയായിട്ടും ധാരാളം ആസ്വാദകർ ക്ഷേത്രത്തിൽ കച്ചേരി കേൾക്കാനായി എത്തിച്ചേർന്നിരുന്നു.