anugrahavision.com

ഭൂസർവേ സേവനങ്ങൾ നൽകാനൊരുങ്ങി സ്ത്രീകളുടെ കൂട്ടായ്മ

കോട്ടയം: ഭൂസർവേയുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാനായി സ്ത്രീകളുടെ കൂട്ടായ്മയിൽ ഭൂമിക എന്ന പേരിൽ ഒരു ഡിജിറ്റൽ സർവേ കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്
കുറിച്ചി ഗ്രാമ പഞ്ചായത്തിൽ. കുറിച്ചി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ കുറിച്ചി ഔട്ട് പോസ്റ്റ് ജങ്ഷനിലാണ് ഭൂമിക. കെ.എസ്. സീനാമോൾ, എൻ.എസ്. ദർശന എന്നിവരുടെ നേതൃത്വത്തിലാണ് സർവേ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
നേരത്തെ സർവേയർ ആയി ജോലി ചെയ്ത പരിചയം ആണ് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ സീനാമോൾക്ക് പ്രേരണയായത്. സാമ്പത്തികസഹായവുമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസും കൂടെ നിന്നതോടെ അഞ്ച് മാസം മുൻപ് സേവന കേന്ദ്രം ആരംഭിച്ചു.
റീസർവേ റെക്കോഡുകൾ പ്രകാരം തയ്യാറാക്കി നൽകുന്ന സർവേ മാപ്പ്, ആധാരം എഴുതുന്നതിനാവശ്യമായ ടോറൻസ് മാപ്പ്, ടോട്ടൽ സ്റ്റേഷൻ, ആർ.ടി.കെ സർവേ, നിലം പുരയിടമാക്കുന്നതിനുള്ള സർവേ മാപ്പ് എന്നീ സേവനങ്ങളാണ് നൽകുന്നത്. രണ്ട് സർവേയർ ഉൾപ്പടെ നാല് പേരാണ് നിലവിൽ ഇവിടെ ജോലി ചെയ്യുന്നത്. സ്ത്രീകളുടെ സംരഭങ്ങൾ തുടങ്ങാൻ ആവശ്യമായ തുകയുടെ 75 ശതമാനം ആണ് സബ്‌സിഡി ഇനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വഴി നൽകുന്നത്. 3.75 ലക്ഷം രൂപയാണ് ഭൂമികയ്ക്ക്
സബ്സിഡിയിനത്തിൽ ലഭിച്ചത്. 2023 – 24 സാമ്പത്തിക വർഷത്തിൽ എട്ട് ജനറൽ ഗ്രൂപ്പുകൾക്കും രണ്ട് എസ്. സി ഗ്രൂപ്പുകൾക്കുമാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് സബ്‌സിസിഡി നൽകിയത്.

Spread the News
0 Comments

No Comment.