കൊച്ചി. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി ഉന്നതതല യോഗം ചേർന്ന് രൂപീകരിച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. സുൽത്താൻ ബത്തേരി സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്ന പത്ത് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനി 2019-ൽ പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തിൽ അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയും സ്വമേധയാ കോടതി എടുത്ത കേസും തീർപ്പാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാൻദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, എന്നിവരാണ് വിധി പറഞ്ഞത്. പാമ്പ് കടിയിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുവാനും മറ്റും ഉചിത മാർഗ്ഗരേഖ സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രെട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തയ്യാറാക്കണമെന്നും പൊതു താല്പര്യ ഹർജി ഫയൽ ചെയ്ത അഡ്വ. കുളത്തൂർ ജയ്‌സിങിന്റെയും അമിക്കസ്ക്യൂറിയുടെ നിർദ്ദേശങ്ങൾ ഉന്നതതല യോഗം പരിഗണിക്കണമെന്നും ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
കോടതി നിർദ്ദേശം പാലിച്ച് കൊണ്ട് സുരക്ഷാ മാർഗ്ഗരേഖയുടെ കരട് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിയുടെ ഓഫീസ് ഹൈക്കോടതിയിൽ ഹാജരാക്കി.
പ്രസ്തുത മാർഗ്ഗരേഖ രണ്ടാഴ്ചക്കുള്ളിൽ സർക്കാർ നടപ്പിലാക്കണമെന്നും സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗരേഖ ഉൾക്കൊള്ളുന്ന സർക്കുലർ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മതിയായ പബ്ലിസിറ്റി നൽകുകയും വേണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. പാമ്പ് കടിയേറ്റാൽ അടിയന്തിരമായി നൽകേണ്ട ആന്റിവനത്തിന്റെ ലഭ്യത ഉറപ്പാക്കണം. സുരക്ഷാ മാർഗ്ഗരേഖ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം സ്‌കൂൾ അതോറിറ്റിയെ മാത്രം ഏൽപ്പിക്കരുത്. മാർഗ്ഗരേഖ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനായുള്ള നിർദ്ദേശങ്ങൾ
വകുപ്പുകൾക്ക് സർക്കാർ നൽകണം.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ യോഗം കൂടിയ സമിതി തന്നെ വർഷത്തിൽ ഇടയ്ക്ക് യോഗം ചേർന്ന് മാർഗ്ഗരേഖയിൽ വേണമെങ്കിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാം. ഇതിൽ ലീഗൽ സർവീസ് അതോറിറ്റിയുടെയും നിർദ്ദേശങ്ങളും ഉൾപ്പെടുത്തണം. പാമ്പ് കടി, മരണങ്ങൾ എന്നിവ ജില്ലാ തലത്തിൽ വിവര ശേഖരണം കണക്കുകളുടെ അടിസ്ഥാനത്തിൽ എടുക്കുകയും ഒരു നോഡൽ ഓഫീസറെ സംസ്ഥാന തലത്തിൽ ഇതിനായി നിയോഗിച്ച് ഇദ്ദേഹം ജില്ലയിൽ നിന്നും ശേഖരിക്കുന്ന ഡാറ്റകൾ സംസ്ഥാന സ്ഥലത്തെ ഉന്നത തല യോഗത്തിൽ സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ആന്റിവനം വാക്സിന്റെ ഏജൻസികളുമായി ചേർന്ന് മരുന്നിന്റെ ഗുണ നിലവാരം ഉറപ്പാക്കണം. പൊതു ജനാരോഗ്യ ആക്ടിൽ ഉൾപ്പെടുന്ന അംഗീകൃത അസുഖ വിവര പട്ടികയിൽ പാമ്പ് കടിയും മരണങ്ങളും രോഗമായി ഉൾപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ രണ്ടു മാസത്തിനകം സംസ്ഥാന സർക്കാർ നടപ്പിലാക്കണം. പാമ്പ് കടിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉറപ്പാക്കാൻ ഹർജിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തെ സമീപിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2019 സുൽത്താൻ ബത്തേരി സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്ന പത്ത് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയ്ക്ക് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും ആന്റിവനം കൃത്യ അളവിന് കൊടുക്കുവാൻ കഴിഞ്ഞില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകവെ കുട്ടി മരിക്കുകയും ചെയ്തു. മതിയായ ചികിത്സ കൊടുത്തില്ല എന്ന കാരണം നിരത്തിയും സ്‌കൂൾ അധികൃതർ അനാസ്ഥ കാണിച്ചതായും ആരോപിച്ച് വനിതാ ഡോക്ടർക്ക് എതിരെയും സ്‌കൂൾ അധികൃതർക്ക് എതിരെയും പോലീസ് കേസ് എടുത്തിരുന്നു. ആന്റിവനം പോലുള്ള മരുന്നുകളും അടിയന്തിര ചികിത്സയ്ക്ക് പീഡിയാട്രിക് വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ പല സർക്കാർ ആശുപത്രികളിലും ഇല്ലെന്ന് തെളിവുകൾ അഡ്വ. കുളത്തൂർ ജയ്‌സിങ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ വാദം പരിശോധിക്കുവാൻ ഹൈക്കോടതി വയനാട് ജില്ലാ ജഡ്ജിയെ ജുഡീഷ്യൽ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നു.
നിലവിലത്തെ സർക്കാർ മാർഗ്ഗരേഖ അനുസരിച്ച് താലൂക്ക് തല ആശുപത്രികളിൽ വിദ്യാർത്ഥികൾക്ക് എമർജൻസി കെയർ കൊടുക്കുവാനുള്ള മുഴുവൻ സംവിധാനവും ഉറപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അത്യാഹിതം ഉണ്ടായാൽ സ്‌കൂൾ, ആശുപത്രി, വനം, തദ്ദേശ സ്ഥാപന വകുപ്പുകൾ ഏകോപിച്ച് അടിയന്തിര പ്രവർത്തനങ്ങൾ നടത്തണമെന്ന നിർദ്ദേശവും പുതിയ സർക്കാർ മാർഗ്ഗരേഖയിലുണ്ട്. സംസ്ഥാന തലത്ത് അറിയപ്പെടുന്ന പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഇത് സംബന്ധിച്ച അഞ്ച് വർഷത്തെ നിരന്തര നിയമ പോരാട്ടത്തിനൊടുവിലാണ് വിദ്യാർത്ഥി സുരക്ഷയ്ക്ക് ആവിശ്യവും ശ്രദ്ധേയവുമായ പുതിയ മാർഗ്ഗരേഖകൾ സർക്കാർ രൂപീകരിച്ചത്.