നീതിയുടെയും ന്യായത്തിന്റെയും കാവൽക്കാരനായി നിൽക്കുക എന്ന ഉത്തരവാദിത്തം നിയമവിദ്യാർഥികളിൽ നിക്ഷിപ്തമാണെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഷൊർണൂർ കുളപ്പുള്ളി അൽ അമീൻ ലോ കോളെജിൽ നടന്ന ബിരുദദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നീതിയോടൊപ്പം പൊരുതാനുള്ള മനസ്സ് അഭിഭാഷകർക്കുണ്ടാകണം. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തൂണാണ് ജുഡീഷ്യൽ. വിവേചനരഹിതമായി നീതിയെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാനും വിധി പ്രസ്താവങ്ങൾ നടത്താനുമുള്ള ഉറപ്പ് ഭാവിയിൽ ഉണ്ടാവട്ടെ എന്ന് മന്ത്രി ആശംസിച്ചു. സാമൂഹികമായ അനീതികൾക്കെതിരെ വിരൽചൂടാനുള്ള ആർജ്ജവം ഉണ്ടാവുക എന്നത് പ്രധാനമാണ്. തൊഴിലിൻ്റെ ഭാഗമായി ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണത്. കേവലം യാന്ത്രികമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല നിയമമെന്നും മനുഷ്യപക്ഷത്ത് നിൽക്കാൻ കഴിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ്, വാർഡംഗം ടി.ബിന്ദു അൽ അമീൻ ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.പി.എൻ സുനിത, എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ കെ. പി കമറുദ്ദീൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
No Comment.