anugrahavision.com

കേരളത്തിന്റെ വ്യവസായ സൗഹൃദ കാഴ്ചപ്പാടുകൾക്ക് കരുത്തേകാൻ, കൊച്ചി-മുസിരിസ് ബിനാലെയുമായി കൈകോർത്ത് ഇ.ഒ കേരള;’ആർട്ട്ബീറ്റ്’ ലോഗോ പ്രകാശനം ചെയ്തു.*

*കൊച്ചി, സെപ്റ്റംബർ 24, 2025:* ദി എൻട്രപ്രണേഴ്സ് ഓർഗനൈസേഷൻ (ഇ.ഒ) കേരള ചാപ്റ്റർ, കൊച്ചി-മുസിരിസ് ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, ‘ആർട്ട്ബീറ്റിന്റെ’ ലോഗോ പ്രകാശനം ചെയ്തു. ബ്രണ്ടൺ ബോട്ട്യാർഡിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഇ.ഒ. കേരളയുടെയും, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും മുഖ്യ സംഘാടകർ സന്നിഹിതരായിരുന്നു.

കൊച്ചി-മുസിരിസ് ബിനാലെയോ‌ട് അനുബന്ധിച്ച്, 2026 ഫെബ്രുവരി 13-14 തീയതികളിലായാണ് ആ‍ർട്ട്ബീറ്റ് അരങ്ങേറുക. ഒരേസമയം കലയേയും,വ്യവസായത്തേയും ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഇടപെടലുകൾക്കാണ്, ആർട്ട്ബീറ്റ് വേദിയാകുക. ലോകമെമ്പാടുമുള്ള സംരംഭകരെ ബിനാലെ സന്ദർശിക്കുന്നതിനായി കൊച്ചിയിലേക്ക് എത്തിക്കുന്നു എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്ക് മുന്നിൽ പരിചയപ്പെടുത്താനുള്ള വേദികൂടിയാണ് ആർട്ട്ബീറ്റ്. ഇതോടൊപ്പം, കേരളത്തിലെ ബിസിനസ് സമൂഹവുമായി സംവദിക്കാനുള്ള അവസരവും ആർട്ട്ബീറ്റ് തുറന്നിടുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയിൽ, ആഗോളതലത്തിലുള്ള സംരംഭകർക്ക്, സർഗ്ഗാത്മകതയെ അടുത്തറിയാനാകുന്ന രീതിയിലാണ്, ആ‍ർട്ട്ബീറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ബിനാലെ സ്ഥാപകർ, കലാകാരന്മാർ, കലാസ്വാദക‍ർ, ദാ‍ർശനികർ‍ തുടങ്ങിയവരുമായുള്ള സംവാദങ്ങളും, പരിപാടിയുടെ ഭാഗമാണ്.

ലോകത്തെമ്പാടുമുള്ള പ്രമുഖ സംരംഭകർക്ക്, പഠിക്കാനും വളരാനും സഹായിക്കുന്ന ആഗോള നെറ്റ്‌വർക്കാണ് എന്റർപ്രണേഴ്സ് ഓർഗനൈസേഷൻ. അതിന്റെ കേരള ചാപ്റ്ററാണ് ഇ.ഒ കേരള.

ഇ.ഒ കേരള ചാപ്റ്റർ പ്രസിഡന്റും, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. വിനീത് അബ്രഹാം, ഇഒ കേരള ബിനാലെ കമ്മിറ്റി അംഗങ്ങളായ മാത്യു മഴുവഞ്ചേരി (ചെയർമാൻ – ഡിസ്ട്രിബ്യൂട്ടഡ് എനർജി), ഐസക് അലക്സാണ്ടർ (ഡയറക്ടർ – അവന്യൂ ഹോസ്പിറ്റാലിറ്റി), ടിങ്കി മാത്യു (ഡയറക്ടർ – പെപ്പർ ഹൗസ്), നിതിൻ രാജൻ (ഡയറക്ടർ – ബിൽടെക്), സോനു വൈദ്യൻ (ഡയറക്ടർ – സ്യാമ ഡൈനാമിക്), ജ്വാല ബാലൻ (എസ്എൽപി ചെയർ), എന്നിവർ ച‌ടങ്ങിൽ പങ്കെടുത്തു. കൊച്ചി-മുസിരിസ് ബിനാലെയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യുറേറ്റർ നിഖിൽ ചോപ്ര, സിഇഒ തോമസ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്കും റെജിസ്റ്റർ ചെയ്യുന്നതിനും : https://eonetwork.org/?scLang=en

Spread the News

Leave a Comment