anugrahavision.com

വികസനത്തില്‍ കേരളം പ്രതിസന്ധികൾ മറി കടന്ന് മുന്നേറുന്നു: മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്‌. പ്രതിസന്ധികളെ അതിജീവിച്ച് കേരള മോഡല്‍ വികസനം മുന്നോട്ടു പോവുകയാണെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നടക്കില്ലെന്ന് പലരും വിധിയെഴുതിയ പദ്ധതികള്‍ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും കൊണ്ട് സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലത്തിലെ എലപ്പുള്ളി, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരയാര്‍ പുഴക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള പാറ മണ്ണുക്കാട് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചു വര്‍ഷം കൊണ്ട് നൂറു പാലങ്ങള്‍ നിര്‍മിക്കുകയെന്നതായിരുന്നു സര്‍ക്കാറിൻ്റെ ലക്ഷ്യം. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് തന്നെ ഈ ലക്ഷ്യം നിറവേറ്റാനായി. സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 149-ാമത്തെ പാലമാണ് പാറ മണ്ണുകാട് പാലം. സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 200 നടുത്ത് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.
നടക്കില്ലെന്ന് പലരും വിധിയെഴുതിയ പദ്ധതികള്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് നടപ്പാക്കിയ സര്‍ക്കാരാണിത്. ദേശീയ പാത 66 ന് ഭൂമിയേറ്റെടുക്കുന്നതിനായി 5580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. നടപ്പാക്കാനാവില്ലെന്ന് കരുതി ഉപേക്ഷിച്ചിടത്തു നിന്നാണ് ഈ പ്രവൃത്തിക്ക് തുടക്കം കുറിക്കാനായത്. കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്ററില്‍ ഈ പാതയുടെ പ്രവൃത്തി ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പാലക്കാടിന്റെ കാര്‍ഷികമേഖലയില്‍ കുതിപ്പിന് ആക്കം കൂട്ടാന്‍ ഈ ദേശീയ പാതയ്ക്കാവും. 75.80 കോടി രൂപ ചെലവഴിച്ച് മലമ്പുഴ ഉദ്യാനം നവീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായിട്ടുണ്ട്. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. മലമ്പുഴ മണ്ഡലത്തിലെ പാറ മുതല്‍ ചുള്ളിമട വരെയുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.6 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) പാറ മണ്ണുകാട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പുതുശ്ശേരി – എലപുള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു പാലം വേണമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിച്ചത്. ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയടക്കം 11 മീറ്റര്‍ വീതിയും 77.7 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. പാലത്തിന്റെ സമീപമുള്ള റോഡുകളും മികച്ച നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എലപ്പുള്ളി ഭാഗത്ത് 147.2 മീറ്ററും കഞ്ചിക്കോട് ഭാഗത്ത് 518.9 മീറ്ററും ബി.എം ബി.സി. നിലവാരത്തിലും ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ചും റോഡുകള്‍ പൂര്‍ത്തിയാക്കി. സുരക്ഷ ഉറപ്പാക്കാന്‍ സംരക്ഷണ ഭിത്തികളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.ആർ.എഫ്.ബി. പി.എം.യു. നോർത്ത് സർക്കിൾ ലീഡർ ആർ. സിന്ധു പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം എം. പദ്മിനി ടീച്ചർ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. വി. പുണ്യകുമാരി, ശാന്തി കെ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം കണ്‍വീനര്‍ സുഭാഷ് ചന്ദ്രബോസ് സ്വാഗതവും കെ.ആര്‍.എഫ്.ബി- പി.എം.യു അസി. എഞ്ചിനീയര്‍ റമീസ് നൗഷാദ് നന്ദിയും പറഞ്ഞു.

Spread the News

Leave a Comment