കൊച്ചി..ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ തയ്യാറാക്കിയതായും ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സുരക്ഷ മാർഗ്ഗരേഖയെ സംബന്ധിച്ച് വിപുല നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് സർക്കാർ മാർഗ്ഗരേഖ തയ്യാറാക്കിയതായും ആരോഗ്യ വകുപ്പ് അഡ്വക്കേറ്റ് ജനറലിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. 2019-ൽ സുൽത്താൻ ബത്തേരിയിൽ ക്‌ളാസ് റൂമിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് അടിയന്തിര ചികിത്സ വൈകിയതു മൂലം മരിച്ചിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയും കോടതി സ്വമേധയാ എടുത്ത കേസിലെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സെക്രെട്ടറിയേറ്റിൽ ഉന്നതതല യോഗം കൂടിയത്.
എൻ.ആർ.എച്ച്.എം. ഡയറക്ടർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി, ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി, രാജീവ് ഗാന്ധി ബയോ ടെക്നോളജി, പ്രൊഫ. ചന്ദ്രബോസ് നാരായണൻ, ഫോറെസ്റ് എസിഎഫ്, മുഹമ്മദ് അൻസാർ, നാഷണൽ ഇന്സ്ടിട്യൂട്ടിലെ അരുൺകുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഹർജിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങും അമിസ്കസ്ക്യൂറിയും നൽകിയ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുള്ളത്. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനവും ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കാർ മാർഗ്ഗരേഖകളും ആരോഗ്യ കുടുംബാരോഗ്യ ക്ഷേമ വകുപ്പ് അഡ്വക്കേറ്റ് ജനറലിന് കൈമാറി.