പാലക്കാട് കേന്ദ്രമായി പ്രവൃത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ സെപ്തംബര് 13 , 14 ( ശനി, ഞായർ) തിയ്യതികളിൽ പാലക്കാട് ലയൺസ് സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ വെച്ച് നടക്കും
സെപ്റ്റംബർ 13 നു കാലത്തു പത്തുമണിക്ക് ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാലക്കാട് ജില്ലാ കളക്ടർ എം.എസ് . മാധവികുട്ടി ഐ എ എസ് മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ എം. പി. സുകുമാരൻ നായർ, ചലച്ചിത്രകാരൻ അമുദൻ ആർ. പി, ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ, കേരളം റീജിയണൽ കൗൺസിൽ അംഗം സി. മോഹനൻ, ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ഷെയ്ഖ് അഫ്സൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും.
ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് , സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ് , മേതിൽ കോമളൻകുട്ടി എന്നിവർ നേതൃത്വം നൽകുന്ന മേളയിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 5 മിനിറ്റിൽ താഴെയുള്ള ‘ഹാഫ്’ വിഭാഗത്തിൽ 47 ചിത്രങ്ങളും ഒരു മിനിറ്റിൽ താഴെയുള്ള ‘മൈന്യൂട്ട്’ വിഭാഗത്തിൽ 12 ചിത്രങ്ങളുമാണ് മത്സരത്തിനായി മാറ്റുരക്കുന്നത് .
ചലച്ചിത്ര നിരൂപകനായ ഡോ . സി. എസ് . വെങ്കടേശ്വരൻ ചെയർമാനായും, ചലച്ചിത്ര പ്രതിഭകളായ അമുദൻ ആർ. പി., സുധ കെ. എഫ്. എന്നിവർ അംഗങ്ങളായും ഉള്ള ജൂറി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ‘അഞ്ചു മിനിറ്റ്’ വിഭാഗത്തിൽ ‘ഗോൾഡൻ സ്ക്രീൻ’ അവാർഡും ഒരു മിനിറ്റ് വിഭാഗത്തില് ‘സിൽവർ സ്ക്രീൻ’ അവാർഡും നല്കും. അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും നൽകും. പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ’ അവാർഡ്.
ഇന്ത്യക്കു പുറമെ ഇറാൻ, ഇറാക്ക്, യു എ. ഇ., കുവൈറ്റ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സര വിഭാഗത്തിലും , മത്സരേതര വിഭാഗത്തിൽ പത്ത് ഇറാനിയൻ ഹ്രസ്വചിത്രങ്ങളുടെ റെട്രോസ്പെക്റ്റീവും ഇൻസൈറ്റ് നിർമ്മിച്ച എട്ടു ഹ്രസ്വ ചിത്രങ്ങളും പന്ത്രണ്ടു ഹൈക്കു ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.
പതിവുപോലെ ഓരോ മത്സര ചിത്രവും പ്രദർശിപ്പിച്ച ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ പ്രത്യേകതയാണ്.
പതിമൂന്നിന് വൈകിട്ട് ഹ്രസ്വചിത്ര പ്രദര്ശനങ്ങൾക്കു ശേഷം നാലുമണിക്ക് “നിർമ്മിത ബുദ്ധിയുടെ കാലത്തു ചലച്ചിത്രത്തിന്റെ ഭാവി” എന്ന വിഷയത്തിൽ സംവാദം നടക്കും. പാലക്കാട്ടെ സാംസ്കാരിക നായകൻ ടി. ആർ. അജയന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിക്കുന്ന സംവാദത്തിൽ ചലച്ചിത്ര പ്രതിഭകളായ എം. പി. സുകുമാരൻ നായർ, ടി. കൃഷ്ണനുണ്ണി, ഡോ . സി. എസ് . വെങ്കിടേശ്വരൻ, അമുദൻ ആർ. പി.,സി. മോഹനൻ എന്നിവരും പാലക്കാട്ടെ സാംസ്കാരിക പ്രമുഖരായ മുണ്ടൂർ സേതുമാധവൻ, പി. എ വാസുദേവൻ, പാർവതി വാരിയർ, ഡോക്ടർ മുരളി. പ്രൊഫ. മോഹൻദാസ്, ഫാറൂഖ് അബ്ദുൾറഹിമാൻ,സുധ കെ. ഫ്. , ഡോ . ജയശീലൻ, രാഘുനാഥൻ പറളി, ടി. കെ. ശങ്കരനാരായണൻ, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, നന്ദജൻ, രൂപേഷ്, കെ. ആർ അജിത് എന്നിവരും പങ്കെടുത്തു സംസാരിക്കും.
പതിനാലിന് വൈകിട്ടു ചേരുന്ന സമാപന യോഗം ചലച്ചിത്രകാരൻ എം. പി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജൂറി അംഗങ്ങളായ ഡോ . സി. എസ് . വെങ്കിടേശ്വരൻ , അമുദൻ ആർ. പി, സുധ കെ. എഫ്. എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ച് അവാർഡുകൾ പ്രഖ്യാപിക്കും.
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9447408234/ 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ