കൊച്ചി. സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ കൂടുന്ന ഉന്നതതല യോഗത്തിൽ പരിഗണിക്കുവാൻ ഹർജിക്കാരനായ അഭിഭാഷകന്റെ ശുപാർശകളും സർക്കാറിന് കൈമാറിയതായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഹൈക്കോടതിയെ അറിയിച്ചു.
സുൽത്താൻ ബത്തേരി സ്‌കൂളിൽ 2019-ൽ ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത ഹർജിയും കോടതി സ്വമേധയാ എടുത്ത കേസും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബഞ്ച് കഴിഞ്ഞ ദിവസം 26/08/2025-ന് പരിഗണിച്ചിരുന്നു.

കേസ് പരിഗണിച്ച കോടതി സുരക്ഷ മാർഗ്ഗരേഖ തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളുടെ വിലയിരുത്തൽ സർക്കാരിനോട് ആരാഞ്ഞിരുന്നു. വരുന്ന സെപ്റ്റംബർ ഒന്നാം തീയതി ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അതിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ തയ്യാറാക്കുമെന്നും ഹർജിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ ശുപാർശകളും ഉന്നതതല യോഗത്തിൽ പരിഗണിക്കുവാൻ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ചീഫ് സെക്രെട്ടറിക്ക് രേഖാമൂലം കൈമാറിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ച കത്തും സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. അടുത്ത മാസം പതിനൊന്നാം തീയതി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.