ചെർപ്പുളശ്ശേരി. ബസ്റ്റാൻഡ് കെട്ടിടം കാലഹരണപ്പെട്ട നിലയിൽ ഏത് നിമിഷവും പൊട്ടിച്ചാടുന്ന അവസരത്തിലാണ് ചെർപ്പുളശ്ശേരിയിലെ ബസ്റ്റാൻഡ് അടച്ചു പൂട്ടാൻ നഗരസഭ തീരുമാനിച്ചത്. എന്നാൽ നിലവിൽ യാത്രക്കാർ അതീവ ദുരിതത്തിലാണ്. മഴ കൊള്ളാതെ നിൽക്കാനുള്ള ഒരു സ്ഥലം പോലും ഇല്ല എന്നതും ബസ്സുകൾ പല ഭാഗത്തായി പാർക്ക് ചെയ്യുന്നതും യാത്രക്കാർക്ക് ദുരിതമാണ് സമ്മാനിച്ചത്. നിലവിലുള്ള ബസ് സ്റ്റാൻഡിന്റെ മുന്നിലാകട്ടെ നല്ല തിരക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുത്തനാല്ക്കൽ ഭഗവതി ക്ഷേത്രത്തിനു മുന്നിലെ ബസ്റ്റാൻഡ് നോക്കുകുത്തിയായതാണ് ഈ പ്രശ്നങ്ങൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് ആയിരിക്കുന്ന സമയത്ത് ആരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങി സ്ഥലം ഏറ്റെടുത്ത ബസ്റ്റാൻഡ് ആകട്ടെ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് പറയാതെ വയ്യ. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഉദ്ഘാടനം നടക്കുന്ന ഈ ബസ്റ്റാൻഡ് ഒരു ബസ്സിനു പോലും മര്യാദയ്ക്ക് പാർക്ക് ചെയ്യുവാൻ കഴിയുന്നതല്ല എന്ന് എല്ലാവർക്കും അറിയാം. പഴയ ബസ് സ്റ്റാൻഡ് പൊളിക്കുമ്പോഴും ബസ്റ്റാൻന്റിന് മുന്നിലെ സ്ഥലം കുറച്ചൊക്കെ ഉപയോഗപ്പെടുത്തി അവിടെ താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ച് യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ നിൽക്കാനാകും എന്നതും യാഥാർത്ഥ്യമാണ്. ഇപ്പോൾ എ കെ ജി റോഡ് തുടങ്ങുന്ന ഭാഗം മുതൽ ബസ്സുകൾ രണ്ടു വരികളിലായി പാർക്ക് ചെയ്ത് കാണുന്നുണ്ട്. ഇത് മറ്റു വാഹനങ്ങൾക്ക് ഉണ്ടാക്കുന്ന തടസ്സങ്ങൾ ചില്ലറയല്ല. മിഥില ഹോട്ടലിന്റെ മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ പന്നിയംക്കുറിശ്ശി റോഡ് വരെ കാണപ്പെടുന്നുണ്ട്. ഇവിടെയും മറ്റു വാഹനങ്ങൾക്ക് ഇത് നിരവധി തടസ്സങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സ്കൂൾ തുറക്കുന്ന അവസരത്തിൽ വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വരും എന്നത് തർക്കമില്ലാത്ത വിഷയമാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് നഗരസഭയും, പോലീസും, ബസ് ജീവനക്കാരും, ഒന്നിച്ചിരുന്ന് ഈ പ്രശ്നം പരിഹരിക്കണം എന്ന് നാട്ടുകാർ പറയുന്നു.