കൊച്ചി, 21-05-2026: ഓറൽ ഓങ്കോളജിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഹെഡ് & നെക്ക് സർജറി ആൻഡ് ഓങ്കോളജി. “രോഗനിർണയം മുതൽ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകൾ, ഗവേഷകർ, അക്കാദമിഷ്യന്മാർ, ട്രെയിനികൾ എന്നിവർ രോഗികളെ കേന്ദ്രീകരിച്ചുള്ള ഓറൽ കാൻസർ പരിചരണത്തിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു.
ഓറൽ കാൻസർ രോഗനിർണയം, ചികിത്സാ ആസൂത്രണം, കാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, പുനരധിവാസം, റേഡിയോ തെറാപ്പി, പ്രിസിഷൻ ഓങ്കോളജി തുടങ്ങിയവയിലെ നൂതന വികസനങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. കാൻസർ നിയന്ത്രണം മാത്രമല്ല, വായിലെ കാൻസർ ബാധിച്ച രോഗികളുടെ സംസാരം, രൂപം, പ്രവർത്തനം, സാമൂഹിക വ്യക്തിത്വം എന്നിവ മികച്ച രീതിയിൽ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശാസ്ത്രീയ സമീപനങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്.
വെർച്വൽ സർജിക്കൽ പ്ലാനിംഗ്, കീഴ്ത്താടിയെല്ലിന്റെ ആകൃതിയും സ്ഥാനവും ശരിയാക്കാൻ വേണ്ടി നടത്തുന്ന മാൻഡിബുലാർ ഓസ്റ്റിയോടോമി ശസ്ത്രക്രിയ, നൂതന ശസ്ത്രക്രിയാ മുറിവ് തുന്നൽ രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക്ക്ക്ഷോപ്പുകളും സമ്മേളനത്തിൽ നടന്നു. ആധുനിക ശസ്ത്രക്രിയാ വർക്ക്ഫ്ലോകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് പ്രായോഗിക പരിചയം നൽകുന്നവയായിരുന്നു അവ.
ആസ്റ്റർ മെഡ്‌സിറ്റി കേരള ക്ലസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്കിന്റെ സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള ഹെഡ് & നെക്ക്, പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ഇഎൻടി, മാക്‌സിലോഫേഷ്യൽ, ഡെന്റൽ എന്നിവയിലെ സർജന്മാർ, മെഡിക്കൽ, സർജിക്കൽ ഓങ്കോളജിസ്റ്റുകൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.