ചിറ്റൂർ: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ ആവേശോജ്ജ്വലമായ മണ്ഡലം പര്യടനം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പര്യടനത്തിലുടനീളം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷിപുരത്ത് നിന്നാണ് മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് പട്ടഞ്ചേരി പഞ്ചായത്ത്, ചിറ്റൂർ-തത്തമംഗലം നഗരസഭ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാത്തുനിന്നത്.
ഹാരമണിയിച്ചും പൂക്കൾ നൽകിയും ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. വികസന കാര്യങ്ങളിൽ മണ്ഡലം കൈവരിച്ച നേട്ടങ്ങൾ വോട്ടർമാർ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. വരും വർഷങ്ങളിലും വികസനക്കുതിപ്പ് തുടരുമെന്ന ഉറപ്പോടെയാണ് മുരുകദാസ് ഓരോ കേന്ദ്രങ്ങളിലും മറുപടി നൽകിയത്.
നെല്ലിമേട് വച്ച്മ ന്ത്രി കെ കൃഷ്ണൻകുട്ടിയും മണ്ഡലം പര്യടനത്തിന്റെ ഭാഗമായി. മണ്ഡലം സെക്രട്ടറി ആർ ശിവപ്രകാശ്, മണ്ഡലം സെക്രട്ടറി കെ ചെന്താമര, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, വൈജെഡിഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി മഹേഷ് തുടങ്ങിയവക്കൊപ്പം പ്രാദേശിക നേതാക്കളും പങ്കെടുത്തു .