anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*എൽ.ഡി.എഫ് നേതാക്കന്മാരുടെ ചിന്തകളുടെ സിസ്റ്റം തകരാറിൽ: സോണിയ ഗിരി* 

ചിറ്റൂർ പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് നേതാക്കന്മാരുടെ ചിന്തകളുടെ സിസ്റ്റം തകരാറിലായിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർ പേഴ്സണും നടിയുമായ സോണിയ ഗിരി പറഞ്ഞു. ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചിറ്റൂർ നിയോജക മണ്ഡലം സംഘടിപ്പിച്ച ഷീ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ജനങ്ങൾ അവരുടെ പ്രശ്നങ്ങൾക്ക് സർക്കാരിനെ സമീപിച്ചാൽ സിസ്റ്റം തകരാറിലാണെന്ന മറുപടിയാണ് ലഭിക്കുക. ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻചാണ്ടി സർക്കാർ ജനങ്ങളുടെ പരാതി എങ്ങനെ പരിഹരിക്കാമെന്നാണ് ചിന്തിച്ചിരുന്നത്. എന്നാൽ ഇന്നത്തെ സർക്കാർ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിന് മറുപടി നൽകിയിട്ടുണ്ടോ, നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അവർ ചോദിച്ചു. ഇക്കൂട്ടർ നവകേരള സദസ് നടത്താനും പണി പൂർത്തീകരിക്കും മുൻപേ റോഡുകളുടെയും പാലങ്ങളുടെയും റീൽ സെടുക്കാനും കോടികൾ ചെലവഴിക്കുന്നു. ജനങ്ങളെ നേരിട്ട് കാണാൻ പാടില്ലാത്ത, ജനത്തിന്റെ ചോദ്യങ്ങളെ ഭയക്കുന്ന, അതിനെതിരെ ധാർഷ്ട്യത്തോടെ സംസാരിക്കുന്ന, സ്വന്തം ജനതയെ മനസ്സിലാക്കാത്ത ഒരു മുഖ്യമന്ത്രിയെ നമുക്ക് എന്തിനാണെന്നും സോണിയാ ഗിരി ചൂണ്ടിക്കാട്ടി.

 

കൊഴിഞ്ഞാമ്പാറ റൂബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഹിളാ കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡന്റ് ഷംസത് ബാനു അധ്യക്ഷയായി. സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ, എ.ഐ.സി.സി നിരീക്ഷകൻ എച്ച്.സി. യോഗേഷ്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഷീബ, ചിറ്റൂർ – തത്തമംഗലം നഗരസഭാ വൈസ് ചെയർപേഴ്സൺ കൃഷ്ണലീല, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.തങ്കം, മഹിളാ കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് ബീന, ബ്ലോക്ക് മെമ്പർ മാലതി കൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment