anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മലപ്പുറത്തെ പോരാട്ടചിത്രം… രഞ്ജിത് എം.

മലപ്പുറം: യുഡിഎഫിന്റെ ഉരുക്കുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ഇടത് പരീക്ഷണങ്ങള്‍ വിജയിക്കുമോ. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ മലപ്പുറം ജില്ലയ്ക്കുള്ള സ്വാധീനം സമാനതകളില്ലാത്തതാണ്. മുസ്ലീം ലീഗിന്റെ ആസ്ഥാനമെന്നും യുഡിഎഫിന്റെ അചഞ്ചലമായ അടിത്തറയെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ മണ്ണ്, സംസ്ഥാനത്ത് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് എക്കാലവും കരുത്ത് പകര്‍ന്നിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഭരണവിരുദ്ധ തരംഗമോ രാഷ്ട്രീയ മാറ്റങ്ങളോ ഉണ്ടാകുമ്പോള്‍ യുഡിഎഫിന് നിയമസഭയില്‍ മാന്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നത് മലപ്പുറത്തെ വോട്ടുബാങ്കാണ്. എന്നാല്‍, ഈ കോട്ടയില്‍ ‘സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ’ വിള്ളല്‍ വീഴ്ത്താനാണ് ഇടതുപക്ഷം ഓരോ തവണയും ശ്രമിക്കുന്നത്. കഴിഞ്ഞതവണ ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 2021-ല്‍ 12 ഇടത്തും യുഡിഎഫ് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍, പൊന്നാനിയില്‍ മാത്രമാണ് സിപിഎം നേരിട്ട് വിജയിച്ചത്. നിലമ്പൂര്‍, തവനൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ ഇടത് സ്വതന്ത്രന്മാര്‍ അട്ടിമറി വിജയം നേടി.

വെല്ലുവിളികളും
അട്ടിമറികളും

പെരിന്തല്‍മണ്ണയില്‍ ലീഗ് വിജയിച്ചെങ്കിലും വെറും 38 വോട്ടിന്റെ ഭൂരിപക്ഷം എന്നത് യുഡിഎഫിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതാണ്. അതേസമയം, താനൂര്‍ മണ്ഡലം വി. അബ്ദുറഹിമാനിലൂടെ ഇടതുപക്ഷം തങ്ങളുടെ കൈപ്പിടിയില്‍ തന്നെ നിര്‍ത്തിയിരിക്കുന്നു. തവനൂരില്‍ കെ.ടി. ജലീലിന്റെ വ്യക്തിപ്രഭാവവും ഇടത് രാഷ്ട്രീയവും ചേര്‍ന്നപ്പോള്‍ യുഡിഎഫ് പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു.
കൊണ്ടോട്ടി മുസ്ലീം ലീഗിന്റെ സുരക്ഷിത മണ്ഡലമാണ്. കഴിഞ്ഞ തവണ സുലൈമാന്‍ ഹാജി എന്ന സ്വതന്ത്രനിലൂടെ ഇടതുപക്ഷം ഭീഷണി ഉയര്‍ത്തിയെങ്കിലും 17,666 വോട്ടുകള്‍ക്ക് ടി.വി.ഇബ്രാഹിം സീറ്റ് നിലനിര്‍ത്തി.
ഏറനാട്ടില്‍ പി.കെ. ബഷീറിന്റെ കരുത്തില്‍ യുഡിഎഫ് തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലം. കഴിഞ്ഞ തവണ 22,546 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മണ്ഡലം കാത്തത്.നിലമ്പൂര്‍ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റം കണ്ട മണ്ഡലമാണ്. ആര്യാടന്‍ മുഹമ്മദിലൂടെ പതിറ്റാണ്ടുകളോളം യുഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന നിലമ്പൂര്‍ 2016-ല്‍ പി.വി. അന്‍വറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2025-ലെ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിലൂടെ കോണ്‍ഗ്രസ് ഈ പ്രദേശം തിരിച്ചുപിടിച്ചത് യുഡിഎഫ് ക്യാമ്പിന് വലിയ ആവേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ വണ്ടൂരെന്ന സംവരണ മണ്ഡലത്തില്‍ 2001 മുതല്‍ എ.പി. അനില്‍കുമാര്‍ അപ്രതിരോധ്യനായി തുടരുന്നു.
മഞ്ചേരിയിലും മലപ്പുറത്തും മുസ്ലീം ലീഗിന്റെ രാഷ്ട്രീയ തലസ്ഥാനങ്ങള്‍ എന്ന് വിളിക്കാവുന്ന ഈ രണ്ട് മണ്ഡലങ്ങളിലും യുഎ ലത്തീഫും പി. ഉബൈദുള്ളയും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചു വന്നത്.
കോട്ടയായ വേങ്ങരയിലും, ചരിത്രപരമായ പ്രാധാന്യമുള്ള തിരൂരങ്ങാടിയിലും യുഡിഎഫ് മേധാവിത്വം ചോദ്യം ചെയ്യപ്പെടാത്തതാണ്.

തദ്ദേശ പോരാട്ടം:
യുഡിഎഫിന്റെ സര്‍വ്വാധിപത്യം

2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്താല്‍ ജില്ലയില്‍ യുഡിഎഫ് തരംഗം പ്രകടമാണ്.ഗ്രാമപഞ്ചായത്തുകളില്‍ 87 ഇടങ്ങളില്‍ യുഡിഎഫ് അധികാരം പിടിച്ചപ്പോള്‍, എല്‍ഡിഎഫിന് നാല് പഞ്ചായത്തുകളില്‍ മാത്രമാണ് വിജയിക്കാനായത്.ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് തൂത്തുവാരി. പൊന്നാനി ഒഴികെയുള്ള നഗരസഭകളെല്ലാം യുഡിഎഫിനൊപ്പമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയവും തദ്ദേശ ഭരണത്തിലെ വന്‍ മുന്നേറ്റവും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ക്ലീന്‍ സ്വീപ്പ് ലക്ഷ്യമിടാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നു.
മതേതര വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും മലപ്പുറത്ത് ഇത്തവണ നിര്‍ണ്ണായകമാകും.16 മണ്ഡലങ്ങളിലായി 36.15 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതുന്ന ഈ പോരാട്ടത്തില്‍, തങ്ങളുടെ ഉരുക്കുകോട്ട കാക്കാന്‍ യുഡിഎഫും അട്ടിമറി വിജയങ്ങള്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫും നേര്‍ക്കുനേര്‍ പ്രതീക്ഷയോടെ അങ്കത്തട്ടിലാണ്.
ജില്ലയില്‍ ഇടതുപക്ഷം ഇത്തവണയും തങ്ങളുടെ ‘സ്വതന്ത്ര’ സ്ഥാനാര്‍ഥി കാര്‍ഡ് ശക്തമായി ഉപയോഗിക്കുന്നു.തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാന്‍, തവനൂരില്‍ കെ.ടി. ജലീല്‍, നിലമ്പൂരില്‍ മുന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി, വേങ്ങരയില്‍ കെ. സബാഹ് എന്നിവര്‍ പ്രധാന സ്വതന്ത്രര്‍. മുസ്ലീം ലീഗ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രാദേശിക സ്വാധീനമുള്ള വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള തന്ത്രമാണ് സിപിഎം പയറ്റുന്നത്.നിലമ്പൂരിലെ ‘ആര്യാടന്‍’ കരുത്തും അന്‍വറിന്റെ മടക്കവും
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് വേദിയായ മണ്ഡലമാണ് നിലമ്പൂര്‍. 2016-ലും 2021-ലും പി.വി. അന്‍വറിലൂടെ ഇടത് മുന്നണി പിടിച്ചെടുത്ത മണ്ഡലം, അന്‍വര്‍ മുന്നണി വിട്ടതോടെ നടന്ന 2025-ലെ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.
ഷൗക്കത്തിന്റെ 11,077 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യു. ഷറഫലിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇത്തവണ എല്‍ഡിഎഫ് ശ്രമം.

നേരിയ ഭൂരിപക്ഷത്തിന്റെ
ആശങ്കകള്‍

ചില മണ്ഡലങ്ങളിലെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരുമുന്നണികളെയും ഒരുപോലെ മുനയില്‍ നിര്‍ത്തുന്നു:പെരിന്തല്‍മണ്ണയില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം (യുഡിഎഫ്) വിജയിച്ചത്. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു.താനൂരില്‍ വി. അബ്ദുറഹിമാന്റെ വിജയം 985 വോട്ടുകള്‍ക്ക് മാത്രമായിരുന്നു.തവനൂരില്‍ കെ.ടി. ജലീലിന്റെ ഭൂരിപക്ഷം 2,564 ആയി കുറഞ്ഞത് ഇത്തവണ യുഡിഎഫിന് വലിയ പ്രതീക്ഷ നല്‍കുന്നു.

യുഡിഎഫിന്റെ
ആധിപത്യം തുടരുമോ?

മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ ഇപ്പോഴും യുഡിഎഫിന്റെ സുരക്ഷിത കേന്ദ്രങ്ങളാണ്.
പി. ഉബൈദുള്ള (മലപ്പുറം): 35,208 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം.
പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര): 30,596 വോട്ടിന്റെ ഭൂരിപക്ഷം.
ഏറനാട്: പി.കെ. ബഷീര്‍ കഴിഞ്ഞ മൂന്ന് തവണയും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടാണ് (നിലവില്‍ 22,546) വിജയിക്കുന്നത്.

വോട്ടര്‍മാരുടെ
എണ്ണം

പുതിയ വോട്ടര്‍മാര്‍: ജില്ലയിലെ 1.07 ലക്ഷം കന്നി വോട്ടര്‍മാരുടെ നിലപാട് ഇത്തവണ നിര്‍ണ്ണായകമാകും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തിരൂര്‍ മണ്ഡലവും (2.52 ലക്ഷം), ഏറ്റവും കുറവുള്ള ഏറനാടും (1.99 ലക്ഷം) വരാനിരിക്കുന്ന പോരാട്ടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
ജില്ലയില്‍ നിലവിലുള്ള 13 സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിലുപരി 16-ല്‍ 16-ഉം നേടുക എന്ന ലക്ഷ്യത്തിലാണ് യുഡിഎഫ്. എന്നാല്‍, പുതുമുഖങ്ങളെയും സ്വതന്ത്രരെയും മുന്‍നിര്‍ത്തി ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കി അട്ടിമറി നടത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
ഇത്തവണ വന്‍ മാറ്റങ്ങളോടെയാണ് യുഡിഎഫ് കളത്തിലിറങ്ങുന്നത്. പ്രമുഖ നേതാക്കളുടെ മണ്ഡലം മാറ്റവും പുതുമുഖങ്ങളുടെ വരവും പട്ടികയെ ശ്രദ്ധേയമാക്കുന്നു.

കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം
മാറ്റവും ഷാജി ഫാക്ടറും

ഇത്തവണത്തെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കം പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറം മണ്ഡലത്തിലേക്ക് മാറുന്നതാണ്. മുസ്ലിം ലീഗിന്റെ പവര്‍ ഹൗസായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് ജില്ലയിലുടനീളം യുഡിഎഫ് തരംഗം സൃഷ്ടിക്കാനാണ്. അതേസമയം, വാക്ചാതുര്യം കൊണ്ട് ശ്രദ്ധേയനായ കെ.എം. ഷാജി വേങ്ങരയില്‍ എത്തുന്നതോടെ ജില്ലയിലെ പോരാട്ടം കൂടുതല്‍ ഗൗരവതരമാകും.എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും ഔദ്യോഗിക ചിഹ്നമായ ‘ചുറ്റിക അരിവാള്‍ നക്ഷത്ര’ത്തില്‍ മത്സരിക്കുമ്പോള്‍, നിലമ്പൂരിലെ യു. ഷറഫലി, തവനൂരിലെ കെ.ടി. ജലീല്‍ തുടങ്ങിയവര്‍ സ്വതന്ത്ര ചിഹ്നങ്ങളിലാണ് (കത്രിക, ട്രക്ക്) മത്സരിക്കുന്നത്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ജലീലിനെതിരെ തവനൂരില്‍ മത്സരിക്കുന്നതും ശ്രദ്ധാകാന്ദ്രമാണ്.

ജില്ലയില്‍ 95പേര്‍
മത്സര രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ മത്സര ചിത്രം വ്യക്തമായി. 16 നിയോജക മണ്ഡലങ്ങളിലായി ആകെ 95 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അതത് വരണാധികാരികള്‍ അനുവദിച്ചു. ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങളും പാര്‍ട്ടിയും ചിഹ്നവും

കൊണ്ടോട്ടി

1. ടി.പി. അഷ്റഫലി (മുസ്ലിംലീഗ്) -ഏണി
2. കീരന്‍ എന്‍.കെ. (ബി.എസ്.പി) -ആന
3. ഡോ. പി. ജിജി (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
4. പി. സുബ്രഹ്‌മണ്യന്‍ (ബി.ജെ.പി) -താമര
5. അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) -കത്രിക

ഏറനാട്

1. കൃഷ്ണന്‍ തച്ചണ്ണന്‍ (ബി.എസ്.പി) -ആന
2. പി.കെ. ബഷീര്‍ (മുസ്ലിം ലീഗ്) -ഏണി
3. അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി) -താമര
4. അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സി.പി.ഐ) -ധാന്യക്കതിരും അരിവാളും
5. ചെമ്മല യൂസുഫ് അലി (എസ്.ഡി.പി.ഐ) -കത്രിക
6. മുജീബ് റഹ്‌മാന്‍ (സ്വതന്ത്രന്‍) -ജനല്‍

നിലമ്പൂര്‍

1. ജയ്‌സല്‍ മാളിയേക്കല്‍ (ആം ആദ്മി പാര്‍ട്ടി) -ചൂല്
2. ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്) -കൈ
3. ഗിരീഷ് മേക്കാട്ട് – (ബി.ഡി.ജെ.എസ്) -തെങ്ങിന്‍തോട്ടം
4. യു. ഷറഫലി (സ്വതന്ത്രന്‍) -കത്രിക

വണ്ടൂര്‍

1. എ.പി. അനില്‍ കുമാര്‍ (കോണ്‍ഗ്രസ്) -കൈ
2. ഡോ. കെ.കെ. ദാമോദരന്‍ (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
3. അനില്‍ കുമാര്‍ (സ്വതന്ത്രന്‍) -പെന്‍ സ്റ്റാന്‍ഡ്
4. കുമാര ദാസ് (സ്വതന്ത്രന്‍) -കത്രിക

മഞ്ചേരി

1. അഡ്വ. പി.പി.എ സഗീര്‍ (ആം ആദ്മി പാര്‍ട്ടി) -ചൂല്
2. പത്മശ്രീ അജിത്ത് (ബി.ജെ.പി) -താമര
3. അഡ്വ. എം. റഹ്‌മത്തുള്ള (മുസ്ലിംലീഗ്) -ഏണി
4. ബിപിന്‍ ബെന്‍സണ്‍ ജോസഫ് (സ്വതന്ത്രന്‍) -ബേബി വാക്കര്‍
5. വി.എം. മുസ്തഫ (സ്വതന്ത്രന്‍) -കത്രിക

പെരിന്തല്‍മണ്ണ

1. നജീബ് കാന്തപുരം (മുസ്ലിംലീഗ്) -ഏണി
2. അഡ്വ. കെ.പി. ബാബുരാജ് (ബി.ജെ.പി) -താമര
3. വി.പി. മുഹമ്മദ് ഹനീഫ (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
4. അബ്ദുള്‍ നജീബ് (സ്വതന്ത്രന്‍) -പ്ലേറ്റ് സ്റ്റാന്‍ഡ്
5. അബ്ദുള്‍ നജീബ് (സ്വതന്ത്രന്‍) -റേസര്‍
6. നജീബ് (സ്വതന്ത്രന്‍) -ഓടക്കുഴല്‍
7. മുഹമ്മദ് ഹനീഫ (സ്വതന്ത്രന്‍) -ഉരകല്ലും കുഴവിയും
8. ഹനീഫ (സ്വതന്ത്രന്‍) -പായ് വഞ്ചിയും തുഴക്കാരനും

മങ്കട

1. മഞ്ഞളാംകുഴി അലി (മുസ്ലിംലീഗ്) -ഏണി
2. ലിജോയ് പോള്‍ (ബി.ജെ.പി) -താമര
3. കുന്നത്ത് മുഹമ്മദ് (സ്വതന്ത്രന്‍) -ട്രക്ക്
4. മുഹമ്മദ് കുന്നത്ത് (സ്വതന്ത്രന്‍) -ബാറ്റ്

മലപ്പുറം

1. അബൂബക്കര്‍ (ബക്കര്‍ കുണ്ടുപുഴക്കല്‍) (ആം ആദ്മി പാര്‍ട്ടി) -ചൂല്
2. അശ്വതി ഗുപ്തകുമാര്‍ (ബി.ജെ.പി) -താമര
3. പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) -ഏണി
4. കെ.ടി മുജീബ് റഹ്‌മാന്‍ (എന്‍.സി.പി-ശരത്ചന്ദ്ര പവാര്‍) -കാഹളം മുഴക്കുന്ന മനുഷ്യന്‍
5. അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) -കത്രിക
6. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഒ.പി.കെ (സ്വതന്ത്രന്‍) – ബക്കറ്റ്
7. അബ്ദുല്‍സലാം കെ.പി (സ്വതന്ത്രന്‍) -പ്രഷര്‍ കുക്കര്‍
8. ശ്രീധരന്‍ (സ്വതന്ത്രന്‍) -വളകള്‍

വേങ്ങര

1. ജയകൃഷ്ണന്‍ വി.എന്‍ (ബി.ജെ.പി)-താമര
2. കെ.എം. ഷാജി (മുസ്ലിം ലീഗ്)- ഏണി
3. അബ്ദുള്‍ റഫീഖ് ചെമ്പന്‍ (സ്വതന്ത്രന്‍)-ഫുട്ബോള്‍ കളിക്കാരന്‍
4. സബാഹ് കുണ്ടുപുഴക്കല്‍ (സ്വതന്ത്രന്‍)- കത്രിക
5. യു.പി. ഷാജി (സ്വതന്ത്രന്‍)- ബക്കറ്റ്
6. കെ.എം. ഷാജി ഷൈമാലയം (സ്വതന്ത്രന്‍)- ജനവാതില്‍

വള്ളിക്കുന്ന്

1. അബ്ദുള്‍ അസീസ് കടലുണ്ടി (ആം ആദ്മി പാര്‍ട്ടി) – ചൂല്‍
2. ടി.വി. ഇബ്രാഹിം (മുസ്ലിം ലീഗ്)- ഏണി
3. പ്രേം കുമാര്‍ (പ്രേമന്‍ മാസ്റ്റര്‍) (ബിജെപി)- താമര
4. അഡ്വ. മുസ്തഫ (സ്വതന്ത്രന്‍) – ടെലിവിഷന്‍
5. മുഹമ്മദ് അസ്ലം വി.പി – (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
6. മുഹമ്മദ് മുസ്തഫ പാമങ്ങാടന്‍ (സ്വതന്ത്രന്‍) – കത്രിക

തിരൂരങ്ങാടി

1. അജിത് കൊളാടി (സി.പി.ഐ)- ധാന്യക്കതിരും അരിവാളും
2. പി.എം.എ സമീര്‍ (മുസ്ലിംലീഗ്)-ഏണി
3. മൂസ ജാറത്തിങ്ങല്‍ (ആം ആദ്മി പാര്‍ട്ടി)-ചൂല്
4. റിജു സി രാഘവ് (ബി.ജെപി) താമര
5. ഹമീദ് വി (എസ്.ഡി.പി.ഐ) – കത്രിക

താനൂര്‍

1. ദീപ പുഴക്കല്‍ (ബി.ജെ.പി) -താമര
2. പി.കെ നവാസ് (മുസ്ലിം ലീഗ്) -ഏണി
3. പി.പി നവാസ് (സ്വതന്ത്രന്‍) -ബാറ്ററി ടോര്‍ച്ച്
4. മുഹമ്മദ് സമീര്‍ നറുങ്ങല്‍ പറമ്പില്‍ ഹൗസ് (സ്വതന്ത്രന്‍) -ബക്കറ്റ്
5. മുഹമ്മദ് സമീര്‍ ടി തിരുത്തിയില്‍ ഹൗസ് (സ്വതന്ത്രന്‍) -ട്രക്ക്
6. സമീര്‍ ടി (സ്വതന്ത്രന്‍) -കത്രിക

തിരൂര്‍

1. വി. അബ്ദുറഹിമാന്‍ (സി.പി.ഐ.എം)-ചുറ്റിക അരിവാള്‍ നക്ഷത്രം
2. കബീര്‍ എന്ന ഷമീര്‍ കുറ്റൂര്‍ (ആം ആദ്മി പാര്‍ട്ടി) -ചൂല്
3. കെ. നാരായണന്‍ മാസ്റ്റര്‍ (ബി.ജെ.പി) -താമര
4. കുറുക്കോളി മൊയ്തീന്‍ (മുസ്ലിംലീഗ്) -ഏണി
5. ഡോ. എസ്. അലീന (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോര്‍ച്ച്
6. സിയാദ് കൂടിയത്ത് (സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ) -കപ്പല്‍
7. അബ്ദുറഹിമാന്‍(സ്വതന്ത്രന്‍)-ഡിഷ് ആന്റിന
8. അബ്ദുറഹിമാന്‍ (സ്വന്തന്ത്രന്‍) -ബൈ സൈക്കിള്‍ പമ്പ്
9. മൊയ്തീന്‍ കൂമുള്ളി പറമ്പില്‍ (സ്വതന്ത്രന്‍) – ടിവി റിമോട്ട്

കോട്ടക്കല്‍

1. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (മുസ്ലിംലീഗ്) -ഏണി
2. പ്രീതി കോഞ്ചത്ത് (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
3. അഡ്വ. അബ്ദുള്‍ മജീദ് (എസ്.ഡി.പി.ഐ) -കത്രിക
4. സുബ്രഹ്‌മണ്യന്‍ സി (ബി.ഡി.ജെ.എസ്) -തെങ്ങിന്‍തോട്ടം
5. പ്രീതി കെ.പി (സ്വതന്ത്ര) -ഡിഷ് ആന്റിന
6. മുഹമ്മദ് റാഫി (സ്വതന്ത്രന്‍) -സിസിടിവി ക്യാമറ

തവനൂര്‍

1. അഡ്വ. വി.എസ്. ജോയി (കോണ്‍ഗ്രസ്)- കൈ
2. രവി തേലത്ത് (ബി.ജെ.പി)- താമര
3. അബ്ദുള്‍ ജലീല്‍ (എസ്.ഡി.പി.ഐ)- കത്രിക
4. അബ്ദുള്‍ ജലീല്‍ കെ.ടി. (സ്വതന്ത്രന്‍)- ബലൂണ്‍
5. ഡോ. കെ.ടി. ജലീല്‍ – (സ്വതന്ത്രന്‍) – ട്രക്ക്

പൊന്നാനി

1. കെ.പി. നൗഷാദ് അലി (കോണ്‍ഗ്രസ്)- കൈ
2. അഡ്വ. എം.കെ. സക്കീര്‍ (സി.പി.ഐ.എം)- ചുറ്റിക അരിവാള്‍ നക്ഷത്രം
3. അന്‍വര്‍ പഴഞ്ഞി (എസ്.ഡി.പി.ഐ) – കത്രിക
4. മനീഷ് ജനകീയം (ബി.ഡി.ജെഎസ്)- തെങ്ങിന്‍ തോട്ടം
5. നൗഷാദലി (സ്വതന്ത്രന്‍)- ചെരുപ്പ്
6. സക്കീര്‍ (സ്വതന്ത്രന്‍)-ബക്കറ്റ്
7. സക്കീര്‍ (സ്വതന്ത്രന്‍)- കട്ടിംഗ് പ്ലെയര്‍
8. സഗീര്‍ എം.കെ (സ്വതന്ത്രന്‍)- പായ്വഞ്ചിയും തുഴക്കാരനും

Spread the News

Leave a Comment