പാലക്കാട്:വടക്കഞ്ചേരി നഴ്‌സിംഗ് സമൂഹത്തെയും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) കുടുംബത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കിഴക്കഞ്ചേരി വാൽക്കുളമ്പ് ചടപ്പള്ളികുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെ (റെജി) മകൾ ലെന ജോണിന്റെ (23) അപ്രതീക്ഷിത വിയോഗം.
തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും യുഎന്‍എയുടെ സജീവ പ്രവര്‍ത്തകയുമായിരുന്ന ലെന ജോണ്‍ എറണാകുളത്ത് വെച്ചാണ് മരണമടഞ്ഞത്. ഉപരിപഠനത്തിനായുള്ള ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലെനയ്ക്ക് അനുഭവപ്പെട്ട പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്.
പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ ലെന, പരീക്ഷയ്ക്കായാണ് എറണാകുളത്ത് എത്തിയത്. പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, വൈകാതെ സ്ഥിതിഗതികള്‍ ഗുരുതരമാവുകയും ചെയ്തു.
ലെനയുടെ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ലെന മരണത്തിന് കീഴടങ്ങുകയായിരുന്നു. ലെനയെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അവിടെയുള്ള യുഎന്‍എ അംഗങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. മരണവാര്‍ത്ത അറിഞ്ഞതോടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വലിയ ആഘാതത്തിലാണ്.
മാതാപിതാക്കളുടെ ഏക മകളാണ് ലെന ജോണ്‍. ഏക മകളുടെ അപ്രതീക്ഷിത വേര്‍പാട് കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി സേവനരംഗത്ത് സജീവമായ ലെന, വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ഐഇഎല്‍ടിഎസ് പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നത്. ആ സ്വപ്നങ്ങളെല്ലാം ബാക്കി വെച്ചാണ് ലെന യാത്രയായത്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) സമര പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ലെന ജോണ്‍. നഴ്‌സിംഗ് മേഖലയിലെ അവകാശ പോരാട്ടങ്ങളിലും തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങളിലും ലേന മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുടെ തൃശൂര്‍ ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്ന ഈ യുവനേതാവിന്റെ വിയോഗം യുഎന്‍എയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.
തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എന്ന നിലയില്‍ രോഗികളോടും സഹപ്രവര്‍ത്തകരോടും വളരെ മാന്യമായും സ്‌നേഹത്തോടെയുമാണ് ലെന പെരുമാറിയിരുന്നത്. അതീവ ശ്രദ്ധയോടെയും കരുതലോടെയും തൊഴില്‍ ചെയ്തിരുന്ന ലേനയുടെ മരണം ആശുപത്രി അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരുടെ പ്രിയങ്കരിയായിരുന്ന ലെനയുടെ വേര്‍പാട് ആശുപത്രിയേയും വേദനയിലാക്കി.
നഴ്‌സിംഗ് മേഖലയിലെ നിരവധി സംഘടനകളും നേതാക്കളും ലെന ജോണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘യുഎന്‍എയുടെ സമര ഭൂമികളില്‍ എന്നും ആവേശം നിറച്ചിരുന്ന പ്രിയ സഹോദരിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല’ എന്നാണ് സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.