anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അട്ടപ്പാടി താലൂക്കിലെ ആദിവാസി ഭൂമി കൈയേറ്റം; അടിസ്ഥാന രേഖകള്‍ പരിശോധിക്കാൻ പ്രത്യേക റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കാൻ ഉത്തരവ്

പാലക്കാട്‌ :ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അട്ടപ്പാടി താലൂക്കിലെ ഭൂമിയുടെ അടിസ്ഥാന രേഖകള്‍ പരിശോധിക്കണം. പ്രത്യേക റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കാൻ റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. ലാൻഡ് റവന്യൂ കമീഷണർ ജീവൻ ബാബുവിനും പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടിക്കുമാണ് നിർദ്ദേശം നല്‍കിയത്. ഇരട്ടക്കുളത്തെ കാർഷകനായ കൃഷ്ണസ്വാമിയുടെ ആത്മഹത്യയെ തുടർന്ന് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവിറക്കിയത്.

സർക്കാർ ഭൂമിയോ ആദിവാസി ഭൂമിയോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനും അവകാശ പരിശോധന നടത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കണം. ഡിജിറ്റല്‍ സർവേ രേഖകള്‍, എ ആൻഡ് ബി രജിസ്റ്ററുകള്‍, സെറ്റില്‍മെന്റ് രജിസ്റ്റർ എന്നിവയും അവയുമായി ബന്ധപ്പെട്ട കൈവശക്കാരുടെ പക്കലുള്ള രേഖകളും പരിശോധിക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നല്‍കിയത്.

കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത കേസില്‍ ഗുരുതരമായ പിശകുകളോടെ രേഖകള്‍ തയാറാക്കി രജിസ്റ്റർ ചെയ്യാൻ അനുവദിച്ചതായി കണ്ടെത്തി. ഉടമസ്ഥാവകാശമോ സ്ഥലപരിശോധനയോ നടത്താതെ വിശദമായ പരിശോധനയില്ലാതെ മ്യൂട്ടേഷൻ നടപടികള്‍ ആരംഭിച്ചു. ഇത്തരം ഗുരുതര പാളിച്ചകളാണ് നിരപരാധിയായ വ്യക്തിയുടെ ദാരുണമായ ആത്മഹത്യക്ക് കാരണമായത്. ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അവയും അടിയന്തിരമായി അന്വേഷി‌ക്കണം.

അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലും ഡിജിറ്റല്‍ റീസർവേ പുരോഗമിക്കുകയാണ്. ശരിയായ മ്യൂട്ടേഷൻ അടിസ്ഥാനമാക്കി നല്‍കിയതല്ലെങ്കില്‍ നിലവിലുള്ള രേഖകളും താല്‍ക്കാലിക നികുതി രസീതുകളും അവകാശത്തിന്‍റെ ഉറപ്പായ തെളിവായി കണക്കാക്കാൻ കഴിയില്ല. അതിനാല്‍ വകുപ്പ് ഒമ്പത് (രണ്ട്) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തയാറാക്കപ്പെടുന്ന അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ, ചില വില്ലേജ് ജീവനക്കാർ എന്നിവർ നിയമത്തിനും നിലവിലുള്ള നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായാണ് പ്രവർത്തിച്ചത്. ഇവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനും സംവിധാനപരമായ പാളിച്ചകള്‍ കണ്ടെത്തുന്നതിനുമായി വിശദമായ പരിശോധന നടത്തണം.

യഥാർഥ അവകാശമോ നിയമപരമായ കൈവശമോ ഇല്ലാതെ ഭൂമി കൈയേറുന്നതിനായി സമാന സ്വഭാവത്തിലുള്ള രേഖകള്‍ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും, അവയുടെ പരിശോധനയും കൂടാതെ മ്യൂട്ടേഷൻ അനുവദിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.കൃഷ്ണസ്വാമിയുടെ കേസില്‍ മ്യൂട്ടേഷൻ ആരംഭിച്ച സമയത്തെ വില്ലേജ് ഓഫിസറായിരുന്ന എസ്. ഉഷാകുമാരി ഇപ്പോള്‍ താലൂക്ക് ഓഫിസില്‍ ഹെഡ് ക്ലർക്കാണ്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പൂർത്തിയാകുന്നതുവരെ അവരെ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റണം.

നിയമ വിരുദ്ധമായ രീതിയില്‍ ആധാരം രജിസ്റ്റർ ചെയ്ത് നല്‍കിയതിന് പിന്നില്‍ രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരുടെയും, ലൈസൻസുള്ള ആധാരം എഴുത്തുകാരുടെയും പങ്കിനെ കുറിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാൻ രജി‌സ്ട്രേഷൻ വകുപ്പിനെ അറിയിക്കണം.അട്ടപ്പാടി താലൂക്കിലെ വില്ലേജുകളില്‍ വകുപ്പ് 9(2) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാണെന്ന് ഉറപ്പാക്കുന്നതിനായി പാലക്കാട് കലക്ടർക്കും, സർവെ ഡയറക്ടർക്കും ആവശ്യമായ നിർദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Spread the News

Leave a Comment