കോഴിക്കോട്: എരഞ്ഞിക്കൽ പിവിഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള ബോക്സിംഗ് പരിശീലന കേന്ദ്രവും പുതിയ കെട്ടിടവും കായിക വകുപ്പു മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ തലം മുതൽ മികച്ച ബോക്സിങ് പ്രതിഭകളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് കായിക വകുപ്പ് നടപ്പിലാക്കുന്ന ‘പഞ്ച്’ പദ്ധതിയുടെ ഭാഗമായാണ് എരഞ്ഞിക്കൽ സ്കൂളിൽ പുതിയ പരിശീലന കേന്ദ്രം തുറന്നത്. ഇവിടെ ഒരുക്കിയ ബോക്സിംഗ് റിങ് സ്പോട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. 8നും 16നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെ ബോക്സിങ് പരിശീലനം നൽകും.
“സംസ്ഥാന സ്പോർട്സ് കൗൺസിലും സ്പോർട്സ് ഡയറക്ടറേറ്റും സംയുക്തമായി കായിക മേഖലയിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ബോക്സിങ് കായിക ഇനത്തിനുവേണ്ടി മാത്രമായി വിഭാവനം ചെയ്ത പദ്ധതിയാണ് പഞ്ച്. തിരഞ്ഞെടുത്ത സ്കൂളുകളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ബോക്സിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ച് മികച്ച കായിക താരങ്ങളെ വാർത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ കായിക മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന നിർദേശങ്ങൾ ലഭിച്ചിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി സർക്കാർ നടപ്പിലാക്കുന്ന കായിക നയത്തിന്റെ ഭാഗമായാണ് പഞ്ച് പദ്ധതി നടപ്പിലാക്കുന്നത്,” മന്ത്രി പറഞ്ഞു.
ഉത്തരമേഖലാ ഐ.ജി കെ. സേതുരാമൻ ഐപിഎസ് പുരസ്കാര സമർപ്പണം നടത്തി. സ്കൂൾ മാനേജറും മാതൃഭൂമി ചെയർമാനുമായ പി.വി ചന്ദ്രൻ മുഖ്യാതിഥിയായി. പിവിഎസ്എച്എസ്എസ് പ്രിൻസിപ്പൽ ശ്രീപ്രിയ എ, പിടിഎ പ്രസിഡന്റും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ വി.പി മനോജ്, കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ കെ.അജയകുമാർ എന്നിവർ പങ്കെടുത്തു.
No Comment.