മണ്ണാർക്കാട്. നഗരത്തിലെ സിപിഐഎം ഓഫീസിനു മുന്നിലേക്ക് പടക്കം എറിഞ്ഞതായി പരാതി. സംഘർഷം ശാന്തമാക്കാൻ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം മുസ്ലീം ലീഗ് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത പി കെ ശശി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാജ് നടത്തിയ ചില പരാമർശങ്ങളാണ് ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിലേക്ക് ആരെയോ പടക്കം എറിയാൻ പ്രേരിപ്പിച്ചത് എന്നാണ് സിപിഐഎമ്മിലെ മണ്ണാർക്കാട്ടെ ചില നേതാക്കൾ പ്രതികരിച്ചത്. പടക്കം എറിഞ്ഞ ആളെക്കുറിച്ച് പൂർണ്ണമായ ചിത്രം കിട്ടിയിട്ടുണ്ടെന്നും ഇത് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിപിഐഎം വൃത്തങ്ങൾ പറഞ്ഞു. കുറച്ചു ദിവസങ്ങളായി സിപിഐഎമ്മിൽ ഇതുപോലെ ചേരി തിരിഞ്ഞ് വിഭാഗീയ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ താൻ മണ്ണാർക്കാട്ടുകാരുടെ കൂടെയാണെന്നും ഏത് നിമിഷവും അവരുടെ കൂടെ നിൽക്കുന്ന ഒരു സ്വഭാവമാണ് തനിക്കെന്നും പി കെ ശശി ആവർത്തിച്ചു.
ഇതിനിടയിൽ പി കെ ശശി കോൺഗ്രസിലേക്ക് ചേക്കേറും എന്ന് ചിലർ പറഞ്ഞു പരത്തുന്നുണ്ട്. എന്നാൽ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് പി കെ ശശിയുടെ ഭാഷ്യം. എല്ലാത്തരം ആളുകളോടും സ്നേഹമായും അനുകമ്പയോടും കൂടിയുള്ള ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന അപൂർവ്വം വ്യക്തിത്വമാണ് പി കെ ശശി. മാത്രമല്ല ഏറെക്കാലമായി ശശിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ചമക്കുന്നതിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരാണ് എല്ലാ കുത്തിത്തിരിപ്പുകൾക്ക് പിന്നിൽ എന്നും ശശിപക്ഷം പറയുന്നു. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പി കെ ശശിയുടെ കെടിഡിസി ചെയർമാൻ സ്ഥാനം തെറിപ്പിക്കാനുള്ള അണിയറ നീക്കവും നടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.