സഹകരണ വകുപ്പ് പ്രഖ്യാപിച്ച കേരളത്തിലെ മികച്ച സഹകാരിക്കുളള റോബർട്ട് ഓവൻ പുരസ്‌കാരത്തിന് മുൻ കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പി എ ഉമ്മർ അർഹനായി.
അറുപത് വർഷം സഹകരണ മേഖലയിൽ കാര്യക്ഷമമായി പ്രവർത്തിച്ച കേരളത്തിലെ ഏറ്റവും മിതിർന്ന സഹകരികളിലൊരാളാണ് 83വയസ്സായ പി എ ഉമ്മർ.
ചെർപ്പുളശേരിയിലെ ഇടത്തരം കർഷക കുടുംബത്തിലെ പത്തായത്തിങ്കൽ അലിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഉമ്മറിന്റെ പഠനം നാലാം ക്ലാസോടെ നിലച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ പരിയാപുരം പാൽ സൊസൈറ്റിയിലെ വിതരണക്കാരനായി തുടങ്ങി ഏഴ് വർഷത്തെ അറിവും അനുഭവങ്ങളും വെച്ച് സ്വന്തമായി ഡയറിഫം തുടങ്ങി സംരഭകനായി.
യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ ഉമ്മർ സിപിഐ എം അംഗമാവുകയും പിന്നീട് ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ചു. 1987ൽ ജില്ലാ കമ്മിറ്റി അംഗമായി. 1973ല്‍ ചെർപ്പുളശേരി അർബൻ ബാങ്ക് ഡയറക്ടർ, അടിയന്തരാവസ്ഥക്കാലത്ത് 1976ൽ പെരിന്തൽമണ്ണ ഭൂപണയ ബാങ്ക് ഡയറക്ടർ, ചെർപ്പുളശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായി 31 കൊല്ലം എന്നിങ്ങനെ പ്രവർത്തിച്ചു. ഇരുപത് വർഷം സർവീസ് ബാങ്ക് പ്രസിഡന്റായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള ആദ്യത്തെ കേന്ദ്ര സർക്കാരിന്റെ അവാർഡ് ചെർപ്പുളശേരി സഹകരണ ബാങ്കിന് ലഭിച്ചത് ഉമ്മർ ഡയറക്ടറാകുന്ന കാലത്താണ്. കെഎസ്ആർടിസിക്ക് ഡീസൽ നൽകാൻ ഐഓസി പോലും വിസമ്മതിച്ച കാലത്ത് പൊതു മേഖല സ്ഥാപനത്തിന് വായ്പ അനുവദിച്ച് ചരിത്രം കുറിച്ചതും അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് കടം നൽകുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കിയതും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന വീട് മുറ്റത്തൊരു ബാങ്ക് എന്ന പദ്ധതി നടപ്പാക്കിയതും ഉമ്മർ ജില്ലാ ബാങ്ക് പ്രസിഡന്റായിരിക്കെയാണ്. ചെർപ്പുളശേരിയിലും പരിസരപ്രദേശങ്ങളിലുമായി ഉമറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത വിവിധ സഹകരണ സംഘങ്ങൾ മാതൃകാപരമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ചെർപ്പുളശേരി സഹകരണ ആശുപത്രി സ്ഥാപകരിലൊരാളായ ഉമ്മർ ആശുപത്രിയുടെ പ്രസിഡന്റായി അഞ്ചുവർഷവും വൈസ് പ്രസിഡന്റായി അഞ്ചുവർഷവും പ്രവർത്തിച്ചു. ചെർപ്പുളശേരി ക്ഷീര സഹകരണ സംഘം, കാറൽമണ്ണ ക്ഷീര സഹകരണ സംഘം, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഭാവന നിർമാണ സംഘം തുടങ്ങി ഒട്ടേറെ സഹകരണ സംഘങ്ങളുടെ ഭരണത്തിൽ ഉമറിന്റെ കയ്യൊപ്പുണ്ട്. പ്രൈമറി സഹകരണ സംഘങ്ങളുടെ ജില്ലാ അസോസിയേഷന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ഉമ്മർ സംസ്ഥാന സഹകരണ വികസന ക്ഷേമ ഫണ്ട് ബോർഡിന്റെ ചെയർമാനായി 12 വർഷത്തോളം പ്രവർത്തിച്ചു. വികസന ക്ഷേമ ബോർഡ് ചെയർമാനാരിക്കുമ്പോഴാണ് സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകൾ മുതൽ ജില്ലാ ബാങ്ക് തുടക്കം മുതലുള്ള പ്രവർത്തനം വിലയിരുത്തുന്ന ഡാറ്റാബേസ് തയ്യാറാക്കി സർക്കാരും നൽകിയത്. സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായി രണ്ടു വർഷവും കേരഫെഡ് ഡയറക്ടറായി 12 വർഷവും പ്രവർത്തിച്ചു. കേരളത്തിലെ കാർഷിക വായ്പാ സംഘങ്ങളെയും കാർഷിക വികസന ബാങ്കുകളെയും കുറിച്ച് പഠിച്ച് വായ്പ വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള നൽകാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നെതർലാൻഡിലെയും ജർമ്മനിയിലെയും കാർഷിക വായ്പ സംവിധാനങ്ങളെക്കുറിച്ച് സഹകരണ പ്രസ്ഥാനത്തെക്കുറിച്ചും പഠിക്കാൻ റിസർവ്ബാങ്ക് അയച്ച ദേശീയ പ്രതിനിധി സംഘത്തിൽ ഉമ്മറും അംഗമായിരുന്നു. 2007ൽ എറണാകുളത്ത് നടന്ന സഹകരണ കോൺഗ്രസിൽ കേരള ബാങ്ക് എന്ന ആശയം പ്രമേയമായി അവതരിപ്പിച്ചത് ഉമ്മറായിരുന്നു. അനുഭവമാണ് വിദ്യാഭ്യാസമെന്നത് ഉമ്മർ പ്രവർത്തികമാക്കിയതിന്റെ ഉദാഹരണമാണ് ഈ പുരസ്‌കാരം. നിലവിൽ കേരള ബാങ്ക് ഉപദേശക സമിതി അംഗമായി പ്രവർത്തിക്കുകയാണ്. മോമെന്റോയും അടങ്ങുന്ന പുരസ്‌കാരം ശനി അങ്കമാലിയിൽ നടക്കുന്ന അന്തർദേശിയ സഹകരണ ദിനാഘോഷ സംസ്ഥാന തല പരിപാടിയിൽ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും. ഭാര്യ: കെ പി ആയിഷ. മക്കൾ: ഷാജി, ഷാബു, ഷീജ.