anugrahavision.com

പാലക്കാട് ജില്ലയില്‍ നിപ: അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍*

പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഴക്കുംപുറം തച്ചനാട്ടുകര സ്വദേശിനി(38) ക്കാണ് നിപ സ്ഥിരീകരണം നടത്തിയത്.

*കരിമ്പുഴയിലും തച്ചനാട്ടുകരയിലും കണ്ടെയ്‌മെന്റ് സോണുകള്‍*

രോഗബാധയുളളയാളുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പട്ട വാര്‍ഡുകളാണ് കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (കുണ്ടൂർക്കുന്ന്), വാർഡ് 8 (പാലോട്), വാർഡ് 9 (പാറമ്മൽ), വാർഡ് 11 (ചാമപറമ്പ്) എന്നിവയും
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (ആറ്റശ്ശേരി), വാർഡ് 18 (ചോളക്കുറിശ്ശി) എന്നിവയുമാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. 58 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.
കണ്ടെയ്ൻമെൻ്റ് സോണുകളില്‍ പ്രത്യേക നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങൾ കൂട്ടം ചേർന്ന് നിൽക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി പ്രവർത്തിക്കാം. പ്രദേശവാസികളല്ലാത്ത പുറമെ നിന്നുള്ളവരുടെ പ്രവേശനം കർശനമായി നിയന്ത്രിക്കും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം.

കണ്ടെയ്‌മെന്റ് സോണിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രി സന്ദര്‍ശനം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുമതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്ക് മാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ടെയ്‌മെന്റ് സോണിന് അകത്ത് കടക്കാം. കണ്ടെയ്‌മെന്റ് സോണിലുള്ളവര്‍ എന്‍.95 മാസ്‌ക് തന്നെ ഉപയോഗിക്കണം.
ജില്ലയില്‍ പൊതുവായി ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക് ധരിക്കാനും സാനിറ്റൈസേഷന്‍ കൃത്യമായി ചെയ്യാനും കൂട്ടം കൂടുന്നത് ഒഴിവാക്കാനും ആശുപത്രികളിൽ രോഗികളെ അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.
രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി പാലക്കാട് മെഡിക്കല്‍ കോളേജിലെ 6, 8 നിലകൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 34 (a) പ്രകാരം ജില്ലാ കളക്ടറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
*ലക്ഷ്ണങ്ങള്‍ പ്രതിരോധങ്ങള്‍ ഇപ്രകാരം*

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ശരിയായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടേണ്ടതാണ്.
പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, തൊണ്ടവേദന, പേശീവേദന, ഛര്‍ദ്ദി, ശ്വാസ തടസ്സം, തളര്‍ച്ച, കാഴ്ച മങ്ങുക, മാനസിക വിഭ്രാന്തി, ബോധക്ഷയം, തുടങ്ങിയവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. അതുകൊണ്ട്തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറിയ സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്‌ക് ഉപയോഗിക്കണം. ഇത്തരം രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എന്‍ 95 മാസ്‌കും കയ്യുറകളും ഉപയോഗിക്കണം. കൈകള്‍ പല സ്ഥലങ്ങളിലും സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യണം. രോഗീ സന്ദര്‍ശനങ്ങളും പകര്‍ച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ള രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലില്‍ ഉണക്കുക. മുറികളും, വ്യക്തിഗത സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകുക.

പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കരുത്. എല്ലാ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. അടക്ക പോലുള്ള വവ്വാലുകള്‍ തൊടാന്‍ സാധ്യതയുള്ള വിഭവങ്ങള്‍ പെറുക്കുമ്പോള്‍ കയ്യുറ ഉപയോഗിക്കുക.തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
വവ്വാലുകളെ ഉപദ്രവിക്കുകയോ അവയെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. അത് ഭയചകിതരായ വവ്വാലുകള്‍ കൂടുതല്‍ ശരീര സ്രവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇത് നിപാസാധ്യത കൂട്ടുകയാണ് ചെയ്യുക. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പകര്‍ച്ചാസാധ്യതകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മതയും സ്വയം പ്രതിരോധവും എന്നിവയാണ് നിപയെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍.
നിപ പോലുള്ള സാഹചര്യങ്ങളില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളെ പിന്തുടരാനും എല്ലാവരും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Spread the News

Leave a Comment