anugrahavision.com

കൊടുങ്കാറ്റായ് കിരാത, ദൃശ്യകാന്തിയുടെ പുതു ചരിത്രമായി ‘കണ്ണപ്പ’

ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിര ഒരുമിച്ചൊരു കാഴ്ച വിപ്ലവം സമ്മാനിച്ചിരിക്കുകയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു നായക വേഷത്തിലെത്തിയിരിക്കുന്ന ചിത്രം മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നീ താരങ്ങളുടെ മികവുറ്റ വേഷങ്ങളുടെ സാന്നിധ്യം കൊണ്ടു തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. മോഹൻലാലിന്‍റെ കിരാത, പ്രഭാസിന്‍റെ രുദ്ര എന്നീ കഥാപാത്രങ്ങളുടെ ഇൻട്രോ സീനടക്കം ആർപ്പുവിളികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

പുരാണവും ഐതിഹ്യവും സാഹസികതയുമൊക്കെ സമന്വയിപ്പിച്ചിരിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ദൃശ്യകാന്തിയുടെ പുതു ചരിത്രം രചിച്ചിരിക്കുകയാണ്. ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ട് എത്തിയിരിക്കുന്ന ചിത്രം ചെഞ്ചു ​ഗോത്രത്തിൽപ്പിറന്ന തിണ്ണ എന്ന യുവയോദ്ധാവിന്‍റെ ജീവിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരീശ്വര വാദിയായ ഇയാള്‍ പരമശിവന്‍റെ ഏറ്റവും വലിയ ഭക്തനായി എങ്ങനെ മാറുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത രീതിയിലുള്ള മനോഹരമായ ദൃശ്യമികവാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ന്യൂസിലാന്‍റ് , ഓക് ലാന്‍റ് , ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കമുള്ള അതിമനോഹര ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതിനാൽ തന്നെ ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നുണ്ട്.

കണ്ണപ്പയായി തെലുങ്കിലെ ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചുവിന്‍റേത് ഞെട്ടിക്കുന്ന പ്രകടനമാണ്. യുദ്ധ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമടക്കം മികച്ച അഭിനയ മുഹൂർത്തങ്ങളാണ് വിഷ്ണു കാഴ്ചവെച്ചിരിക്കുന്നത്. വിഷ്ണുവിന്‍റെ അച്ഛൻ കഥാപാത്രമായെത്തിയ തമിഴ് താരം ശരത് കുമാറും മനസ്സ് കീഴടക്കുന്ന കഥാപാത്രമാണ്. നായിക വേഷത്തിലെത്തിയ പ്രീതി മുകുന്ദനും തനിക്ക് ലഭിച്ച വേഷം മനോഹരമാക്കിയിട്ടുണ്ട്. മോഹൻലാൽ, പ്രഭാസ് എന്നിവരുടെ അതിഥി വേഷങ്ങൾ സിനിമയിൽ ഏറെ നിർണ്ണായക സമയത്താണ് എത്തുന്നത്. പ്രാഭേദമന്യേ ഏവരേയും പിടിച്ചിരുത്തുന്ന കഥാഗതിയാണ് സിനിമയുടേത്.

അക്ഷയ് കുമാർ, കാജൾ അഗർവാള്‍, ഡോ. മോഹൻ ബാബു, അർപ്പിത് രങ്ക, മധുബാല, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഓരോരുത്തർക്കും വ്യക്തമായ സ്ക്രീൻ സ്പേസ് ചിത്രത്തിൽ നൽകിയിട്ടുണ്ട്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായ ‘കണ്ണപ്പ’ തെലുങ്കിൽ നിന്നും ഐതിഹ്യ കഥ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയാണെന്ന് നിസ്സംശയം പറയാം.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു പകർത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ ‘കണ്ണപ്പ’യുടെ മനോഹര ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറക്കുന്നതാണ്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, ചിത്രത്തിലെ സംഘട്ടനരംഗങ്ങളെല്ലാം മികവ് പുലർത്തുന്നതാണ്. സ്റ്റീഫൻ ദേവസിയൊരുക്കിയിരിക്കുന്ന സംഗീതവും ഹൃദ്യമാണ്. തീർത്തും തിയേറ്ററുകളിൽ തന്നെ കണ്ടറിയേണ്ട കാഴ്ചയുടെ ഉത്സവമാണ് ‘കണ്ണപ്പ’. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Spread the News

Leave a Comment