പാലക്കാട്. അന്തരിച്ച ചലച്ചിത്രകാരൻ കെ. ആർ മോഹനൻ ചലച്ചിത്രസംവേദനത്തിന്റെ ഉൾപ്പിരിവുകൾ തേടിയ ദാർശനികനായിരുന്നുവെന്നും കാഴ്ചയിലൂടെയും കേൾവിയിലൂടെയും പ്രേക്ഷകന്റെ ഹൃദയത്തിലേക്കു കടന്നുചെന്ന് ഉള്ളിന്റെയുള്ളിൽ നിലയ്ക്കാത്ത ആന്ദോളനങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന്റെ സൃഷ്ടികൾക്കു കഴിഞ്ഞിരുന്നു എന്നും കെ. വി. വിൻസെന്റ് അഭിപ്രായപ്പെട്ടു. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് കെ. ആർ. മോഹനന്റെ ചരമവാർഷി കത്തോടനുബന്ധിച്ചു നടത്തിയ ‘മോഹന സ്‌മൃതി’യിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികമായും കലാപരമായും ലക്ഷണമൊത്ത ദൃശ്യഭാഷയിലൂടെ മനുഷ്യൻ്റെ സമകാലിക സാമൂഹിക അവസ്ഥകൾ യഥാതഥമായി ദൃശ്യവത്കരിക്കുകയും അതിലൂടെ സമകാലീന സാമൂഹ്യാവസ്ഥകളുടെ അപഗ്രഥനവും തിരുത്തൽ ധർമ്മവും നിർവഹിക്കുകയും ചെയ്ത മോഹനേട്ടൻ സാമൂഹ്യപ്രതിബദ്ധതയുടെ പാന്ഥാവിലൂടെ കലാസപര്യ നടത്തിയ അപൂർവ്വം ചില ചരിത്രപുരുഷന്മാരിൽ ഒരാളായിരുന്നു എന്നു ശ്രീ വിൻസെന്റ് കൂട്ടിച്ചേർത്തു.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ പുതിയ മാനങ്ങളിലെത്തിക്കാനും, ഡോക്കുമെൻററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കാനും കെ ആർ മോഹനനൻറെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞത് മറക്കാനാവില്ലെന്നു തന്റെ അധ്യക്ഷപ്രസംഗത്തിൽ ശ്രീ മേതിൽ കോമളൻകുട്ടി പ്രസ്താവിച്ചു.
കെ. ആർ മോഹനൻ നമ്മെ വിട്ടുപോയെങ്കിലും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും സൃഷ്ടികളും നമ്മളെ നിത്യവും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന് മോഹനസൃതിയിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഇൻസൈറ്റിന്റെ സഹകാരിയും മാർഗ്ഗദർശിയുമായിരുന്ന കെ. ആർ മോഹനന്റെഎട്ടാമത് ചരമ വാർഷിക ദിനമായ ജൂൺ 25 നു ഇൻസൈറ്റ് ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി അധ്യക്ഷത വഹിച്ചു. മാണിക്കോത്ത് മാധവദേവ് സ്വാഗതവും സി. കെ. രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്നു നടന്ന ചലച്ചിത്ര പ്രദര്ശനത്തിൽ കെ. ആർ മോഹനൻ സംവിധാനം ചെയ്ത ” സ്വരൂപം ” എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു.