anugrahavision.com

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ നാല് വിക്കറ്റ് വിജയവുമായി കേരളം*

ഡെറാഡൂൺ : 41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഗോവയെ തോല്പിച്ച് കേരളം. മഴു മൂലം 20 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ നാല് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്ന് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഗോവയെ ഉജ്ജ്വല ബൌളിങ്ങിലൂടെ പിടിച്ചുകെട്ടുകയായിരുന്നു കേരളം. ഗോവയുടെ മുൻനിര ബാറ്റർമാരെ സിജോമോനും ഷോൺ റോജറും ചേർന്ന് പുറത്താക്കിയപ്പോൾ വാലറ്റത്തെ വരിഞ്ഞു കെട്ടിയ ഫാനൂസ് ഫൈസിൻ്റെ പ്രകടനവും ശ്രദ്ധേയമായി. സിജോമോൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷോൺ റോജറും ഫാനൂസ് പൈസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 27 പന്തുകളിൽ 48 റൺസെടുത്ത ഓപ്പണർ ഇഷാൻ ഗഡേക്കർ മാത്രമാണ് ഗോവ ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. പത്ത് ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഇഷാൻ്റെ ഇന്നിങ്സ്. ആര്യൻ നർവേക്കർ 17ഉം യഷ് കസ്വൻകർ 18ഉം റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഷോൺ റോജറിൻ്റെയും അക്ഷയ് മനോഹറിൻ്റെയും ഇന്നിങ്സുകൾ കരുത്തായി. ഷോൺ റോജർ 28ഉം അക്ഷയ് മനോഹർ 46ഉം റൺസ് നേടി. അവസാന ഓവറുകളിൽ 14 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സൽമാൻ നിസാറിൻ്റെ ഇന്നിങ്സും കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായി. ഗോവയ്ക്ക് വേണ്ടി ഹേരാംബ് പരബ്, ദീപ് രാജ് ഗാവോങ്കർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Spread the News

Leave a Comment