വള്ളുവനാടൻ കാർഷിക സംസ്കാരത്തിന്റെ ഉത്സവമാണ് കാളവേല. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന കർഷകരും കർഷക തൊഴിലാളികളും മകര കൊയ്ത്തു കഴിഞ്ഞ് നടത്തിയിരുന്ന ഉത്സവങ്ങളാണ് വള്ളുവനാടൻ കാവുൽസവങ്ങൾ. അമ്മ ദൈവങ്ങളെ ആരാധിച്ചു വന്നിരുന്ന കാർഷിക ജനത കന്നുകാലികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമാണ് കാളവേലകൾ നടത്തിപ്പോന്നിരുന്നത്. ഇതുകൊണ്ടുതന്നെ കാളക്കോലങ്ങൾ കെട്ടി അമ്മയ്ക്ക് മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് തൊഴുതു മടങ്ങുന്ന രീതിയാണ് കാളവേല.
മുള,വൈക്കോൽ, തുണി, മരം കൊണ്ടുള്ള തല എന്നിവ കൊണ്ട് ഉണ്ടാക്കുന്ന കാള ക്കോലങ്ങൾ നാടിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ദേവിയുടെ സന്നിധിയിൽ കൊട്ടും ആർപ്പുവിളികളുമായി എത്തിക്കുന്നു.
കാവുത്സവങ്ങൾ പ്രധാനമായും രാത്രികാലങ്ങളിലാണ് നടക്കുന്നത്. വൈകുന്നേരം വരെ കൃഷിപ്പണിയെടുത്ത് വിശ്രമിക്കുന്ന കർഷകർക്ക് ഈ ഉത്സവം ഒരു വർഷത്തെ ഊർജ്ജം പ്രധാനം ചെയ്യുന്നു. കാവുത്സവങ്ങൾ മൂന്നു തരത്തിലാണ് നടക്കുന്നത് ഒന്ന് ധ്വജാതി, 2. അങ്കുരാതി , 3 പടഹാതി .
കൊടിമരത്തിൽ കൊടിക്കൂറ ഉയരുന്നതാണ് ഉത്സവത്തിന്റെ ആദ്യ ചടങ്ങ് ഇതിനെയാണ് ധ്വജാതി എന്ന് വിളിക്കുന്നത്. കൊടിയേറ്റവും കൊടിയിറക്കവും ക്ഷേത്രോത്സവങ്ങളിലെ പ്രധാന ചടങ്ങാണ്. 9 തരം ധാന്യങ്ങൾ മുളപ്പിച്ചു കൊണ്ടുള്ള മുളയിടൽ എന്ന ചടങ്ങാണ് അങ്കുരാതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മുളകൾ പ്രസാദമായി ഭക്തജനങ്ങൾക്ക് കൊടുക്കുന്നു. ഇങ്ങനെ മുളപ്പിക്കാൻ ഉള്ള കതിരുകൾ അക്കാലത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളാണ് എത്തിക്കുന്നത്.
പടഹാതി എന്നാൽ വാദ്യ ഘോഷങ്ങളോടെയുള്ള ചടങ്ങുകൾ ആണ് . കാലം എത്ര പുരോഗമിച്ചാലും ഈ ഉത്സവ ചിട്ടകളാണ് ഇന്നും വള്ളുവനാടൻ കാവുകളിൽ കണ്ടുവരുന്നത്.
കാളക്കോലങ്ങളിൽ ഒരുപാട് മാറ്റങ്ങൾ ഇന്ന് സർവ്വസാധാരണമായി കഴിഞ്ഞു. കൃഷിക്ക് ആളുകൾ കന്നുകാലികളെ ഉപയോഗിക്കാതെയായി. യന്ത്രവൽകൃത സാമഗ്രികൾ കാർഷിക മേഖലയിൽ അപ്പാടെ ഉപയോഗിച്ചു തുടങ്ങി. ഇത് കർഷകർ ഒരുക്കുന്ന കാളകളിലും പ്രകടമായി ചെവിയാട്ടുന്ന കാളകൾ മുതൽ തല മൊത്തമായി ഇളക്കുന്ന കാളകൾ വരെ യന്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ ഇന്ന് നിർമ്മിച്ചു വരുന്നുണ്ട്. ഇലക്ട്രിക് ലൈറ്റുകളാൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വലിയ തരത്തിലുള്ള സംഗീതവുമായി ആളുകൾ എടുത്തു കൊണ്ടുവരുന്നതിനു പകരം പടുകൂറ്റൻ കാളകളെ വാഹനങ്ങൾ രൂപമാറ്റം ചെയ്ത് അതിൽ വെച്ച് ആണ് ഇക്കാലങ്ങളിൽ കൊണ്ടുവരുന്നത്. എന്നാലും കർഷകന്റെ ആവേശവും അമ്മ ദൈവത്തിനോടുള്ള ആരാധനയും ഇന്നും പുലർത്തി പോരുന്നു എന്നുള്ളതാണ് സത്യം.
വള്ളുവനാടൻ കാവുത്സവങ്ങൾ തുടങ്ങുന്നത് പുത്തനാൽക്കൽ വേലയോടെയാണ്. മുളയങ്കാവ് വേലയോടെ സമാപിക്കുന്ന വള്ളുവനാടൻ കാവുൽസവങ്ങൾക്ക് ആലിൽ നിന്നെടുത്ത് മുളയിൽ അവസാനിപ്പിക്കുക എന്ന ഒരു പഴമൊഴി കൂടെയുണ്ട്. പണ്ടുകാലങ്ങളിൽ ഏതാനും കാളകളെ മാത്രം എഴുന്നള്ളി ച്ചിരുന്ന ഘട്ടം മാറി ഇന്ന് അറുപതിലധികം ജോഡി ഇണക്കാളകളെയാണ് കർഷകർ ദേവിക്ക് മുന്നിൽ എത്തിക്കുന്നത്. ഒരു കാളയെ എഴുന്നള്ളിക്കുന്നതിനായി ഒരുലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഓരോ ചെറു കമ്മിറ്റികളും വഹിക്കുന്നു എന്നതും ഉത്സവ ആവേശത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. ഏതോ കാലത്തു തുടങ്ങിവച്ച ആചാര അനുഷ്ഠാനങ്ങൾ ഇന്നും ഗ്രാമീണർ കൊണ്ടുനടക്കുന്നു എന്ന് തന്നെയാണ് ഈ ആഘോഷവേലകളെ ഇപ്പോഴും ജനകീയമാകുന്നത്
പി. മുരളി മോഹൻ
No Comment.