anugrahavision.com

മദ്യ ഫാക്ടറി നിർമ്മാണ ഉദ്യമത്തിൽ നിന്ന് സർക്കാർ പിന്തിരിയണം _ എസ് ഡി പി ഐ

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ മദ്യ ഫാക്ടറി നിർമ്മിക്കുന്നതിന് സർക്കാർ അനുമതി നൽകിയത് ഉടൻ പിൻവലിക്കണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജലദൗർലഭ്യ മേഖലയിൽനിന്ന് വൻതോതിൽ വെള്ളം ഊറ്റാൻ കുത്തകകളെ അനുവദിക്കുന്ന പ്രസ്തുത സംരംഭം നിലവിൽ വരണ്ടു കിടക്കുന്ന ഒരു മേഖലയെ വൻ ജലക്ഷാമത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിടാനേ ഉപകരിക്കൂ. ഒയാസിസ് കൊമേഴ്സ്യൽ എന്ന കമ്പനിക്കെതിരെ പഞ്ചാബിൽ ജനങ്ങൾ സമരത്തിലാണ്. ഇക്കാര്യം മറച്ചു വെച്ചാണ് സർക്കാർ മദ്യ രാജാക്കന്മാർക്ക് പരവതാനി വിരിക്കുന്നത്. അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾ പ്രദേശവാസികൾ അറിഞ്ഞിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളൂ. മദ്യ കമ്പനിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാടാക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൃഷിഭൂമിയായിരുന്ന പ്രസ്തുത പ്രദേശത്ത് എങ്ങനെയാണ് ഒരു കൂറ്റൻ ജലമൂറ്റൽ കേന്ദ്രത്തിന് അനുമതി നൽകിയത് എന്നത് ദുരൂഹമാണ് . റവന്യൂ ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ കള്ളക്കളികളിൽ പങ്കുണ്ടെന്ന് ജനങ്ങൾ സംശയിക്കുന്നു. അഴിമതിക്ക് വാതിൽ മലർത്തിയിട്ട് ജനദ്രോഹ നടപടികൾക്ക് ഒത്താശ ചെയ്യുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധത്തിൻ്റെ മുന്നോടിയായി ജില്ലാ നേതാക്കൾ പ്രസ്തുത സ്ഥലം സന്ദർശിച്ച് പ്രതിഷേധ സൂചകമായി കൊടി നാട്ടി.
ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം, വൈസ് പ്രസിഡൻറ് ശരീഫ് അത്താണിക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇല്യാസ് കാവിൽപ്പാട്, സുബൈർ ആലത്തൂർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Spread the News
0 Comments

No Comment.