anugrahavision.com

ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ്റെ അനുശോചന സന്ദേശം*

കൊച്ചി. അതിയായ ദുഖത്തോടെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാടിൻ്റെ വാര്‍ത്ത ശ്രവിക്കുന്നത്. വിശ്വാസ്യത നിറഞ്ഞ ഒരു ബിസിനസ്സ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല അദ്ദേഹം വിടപറയുന്നത്. സഹാനുഭൂതിയും, സാമൂഹിക ഉത്തരവാദിത്തവും കോര്‍പ്പറേറ്റ് വിജയത്തിനൊപ്പം നിലനിര്‍ത്താനാവുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വം ഒരു വലിയ വ്യവസായ സാമ്രാജ്യത്തെ രൂപപ്പെടുത്തുകയും, എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്തു. ധാര്‍മ്മിക തത്വങ്ങളോടും ദീര്‍ഘകാല സാമൂഹിക മൂല്യങ്ങളോടുമുള്ള ശാന്തമായ പ്രതിബദ്ധതയാല്‍ നയിക്കപ്പെടുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം.

പരമ്പരാഗത കോര്‍പ്പറേറ്റ് ജീവകാരുണ്യ രീതികളെ മറികടക്കുന്നതായിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള ടാറ്റയുടെ വീക്ഷണം. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം ഏതൊരു രാജ്യത്തിൻ്റെയും വികസനത്തിന് അടിസ്ഥാനമാണെന്ന് അദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വെല്ലുവിളികള്‍, അടിയന്തിരവും സങ്കീര്‍ണ്ണവുമായ ഒരു മേഖലയില്‍, നിലവിലുള്ള വ്യവസ്ഥയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ബിസിനസുകള്‍ക്ക് കഴിയുമെന്ന് രത്തന്‍ ടാറ്റ തെളിയിച്ചു. ആരോഗ്യ സംരക്ഷണം എന്നത് എല്ലാവര്‍ക്കും അനായാസം പ്രാപ്യമാകുന്നതും, സുസ്ഥിരവുമായിരിക്കണം എന്ന അദ്ദേഹത്തിൻ്റെ വിശ്വാസം ഇന്ന് പലര്‍ക്കും വഴികാട്ടുന്ന തത്വമായി മാറിയിരിക്കുന്നു.

കാന്‍സര്‍ ഗവേഷണം, ഗ്രാമീണ ആരോഗ്യ പരിരക്ഷാ പരിപാടികള്‍, നൂതന മെഡിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഉദ്യമങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ, ഈ രംഗത്തെ നിര്‍ണായകമായ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ സഹായിച്ചു. ഇത് സമൂഹത്തിലെ നിരാലംബരായ ജന വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമേകി. അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം രോഗി പരിചരണം, വിദ്യാഭ്യാസം, മെഡിക്കല്‍ ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സമീപനത്തിലേക്ക് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വ്യാപിച്ചു.

രത്തന്‍ ടാറ്റയുടെ നേതൃത്വം ഭാവി തലമുറകള്‍ക്ക് എന്നും മാതൃകയായി നിലകൊളളും. വിജയം ലാഭത്തില്‍ മാത്രമല്ല, അത് ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ശാശ്വതമായ പരിവര്‍ത്തനത്തിലൂടെയും കൈവരിക്കപ്പെടുന്ന പുരോഗതിയാണെന്നും അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു.

Spread the News
0 Comments

No Comment.