കൊച്ചി. മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, നീളൻ മുടിയും വിടർന്ന കണ്ണുകളുമായി മലയാള സിനിമയുടെ ഉമ്മറത്തേക്ക് ഓടിക്കയറി വന്ന ആ പെൺകുട്ടിക്ക് കാലം മരണമില്ലാത്ത പ്രായമാണ് നൽകിയത്. വിധി ഒരു ഡിസംബർ മഞ്ഞിൽ അവളെ പൊതിഞ്ഞെടുത്തു കൊണ്ടുപോയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. എങ്കിലും, ഇന്നും ആ പേര് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും നെഞ്ചിൽ ഒരു വിങ്ങലുണ്ട്.
1992 ഡിസംബർ 5. സമയം പുലർച്ചെ 6:15. മഞ്ഞുവീണുകിടക്കുന്ന ചേർത്തലയിലെ റോഡ് അന്ന് സാക്ഷിയായത് കേരളത്തെ നടുക്കിയ ആ ദാരുണമായ കാഴ്ചയ്ക്കാണ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചീറിപ്പായുന്ന ഒരു അംബാസിഡർ കാർ. അതിനുള്ളിൽ മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ സ്നേഹിച്ച മോനിഷ ഗാഢനിദ്രയിലായിരുന്നു. ജി.എസ് വിജയന്റെ ‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഒരു നൃത്ത റിഹേഴ്സലിനായി ബാംഗ്ലൂരിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു ആ യാത്ര. കൊച്ചി വിമാനത്താവളമായിരുന്നു ലക്ഷ്യം.
കാറിന്റെ പിൻസീറ്റിൽ ക്ഷീണം കൊണ്ട് തളർന്നുറങ്ങുന്ന മകൾക്ക് കാവലായി, മുൻസീറ്റിൽ ഡ്രൈവർ ഉറങ്ങാതിരിക്കാൻ കഥകളും വിശേഷങ്ങളും പറഞ്ഞുകൊണ്ട് അമ്മ ശ്രീദേവി ഉണ്ണി ഇരിക്കുന്നുണ്ടായിരുന്നു. പുറത്ത് എല്ലാം ശാന്തമായിരുന്നു. പക്ഷേ, വിധി ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ രൂപത്തിൽ എതിരെ വരുന്നുണ്ടായിരുന്നു. ചേർത്തലയിലെ എക്സ്-റേ കവല എത്താറായപ്പോൾ എതിരെ വന്ന ബസിന്റെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറിയത് മാത്രമേ അമ്മ ഓർക്കുന്നുള്ളൂ. പിന്നെ കേട്ടത് വലിയൊരു ശബ്ദമാണ്.
ആ ആഘാതം ഭീകരമായിരുന്നു. കാറിന്റെ മുൻഭാഗം തകർന്ന് ബസിനടിയിലേക്ക് കയറിപ്പോയി. മേൽക്കൂര ടിൻ ഷീറ്റ് പോലെ ചുരുണ്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ തുറന്ന് അമ്മ പുറത്തേക്ക് തെറിച്ചു വീണു. തകർന്നുപിണഞ്ഞ കാറിനുള്ളിൽ നിന്ന് ചോരയിൽ കുളിച്ച ശരീരങ്ങൾ പുറത്തെടുക്കുമ്പോൾ നാട്ടുകാരിൽ ആരോ ആ മുഖം തിരിച്ചറിഞ്ഞു “മോനിഷ”. സ്വന്തം മകളെ നഷ്ടമായ വേദനയായിരുന്നു മലയാളികൾക്ക് അത്. ഉറക്കത്തിലായിരുന്ന മോനിഷ പിന്നെ ഉണർന്നില്ല. വേദനയറിയാതെ, വിടവാങ്ങൽ പോലും പറയാതെ അവൾ യാത്രയായി. കൂടെ ഡ്രൈവറും ബന്ധുവും വിടവാങ്ങി. ആ വിയോഗത്തിന്റെ വേദന ഒറ്റയ്ക്ക് തിന്നാൻ വിധി അമ്മയെ മാത്രം ബാക്കിയാക്കി.
വെറും 6 വർഷം കൊണ്ട് 25 സിനിമകൾ ചെയ്ത മോനിഷ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. മരിക്കുമ്പോൾ അവൾക്ക് പ്രായം വെറും 21 വയസ്സായിരുന്നു. ഒമ്പതാം വയസ്സിൽ അരങ്ങേറ്റം കുറിച്ച നർത്തകി. 15-ാം വയസ്സിൽ ‘നഖക്ഷതങ്ങളിലെ’ ഗൗരിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രതിഭ. എം.ടി വാസുദേവൻ നായർ എന്ന മഹാനായ എഴുത്തുകാരൻ മലയാളത്തിന് സമ്മാനിച്ച പുണ്യം.
അന്ന് ആ വാർത്ത കേട്ട് കേരളം അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി. ബാംഗ്ലൂർ മൗണ്ട് കാർമൽ കോളേജിലെ ആ ബിരുദധാരിയുടെ കണ്ണുകളിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. ഇന്ന്, ആ അപകടം നടന്നിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു. എക്സ്-റേ കവല ഇന്ന് ‘മോനിഷ കവല’ എന്ന് അറിയപ്പെടുന്നു. പക്ഷേ, മലയാളികളുടെ മനസ്സിൽ മോനിഷയ്ക്ക് ഇന്നും 21 വയസ്സാണ്. മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, കുറുമ്പും നിഷ്കളങ്കതയും നിറഞ്ഞ ചിരിയുമായി അവൾ ഇന്നും നമ്മുടെ ഓർമ്മകളിൽ ജീവിക്കുന്നു.
വിടവാങ്ങുമ്പോൾ ബാക്കിയായത് ആ അമ്മയുടെ നിലവിളിയാർന്ന വാക്കുകൾ മാത്രം: “ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു… പക്ഷേ വിധി എന്റെ മകളെ ഉറക്കത്തിൽ തന്നെ കൊണ്ടുപോയി…” മലയാളത്തിന് നഷ്ടപ്പെട്ടത് ഒരു മികച്ച നടിയെ…