സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ കമ്മിറ്റികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ പ്രാധാന്യമെത്തിക്കുന്നതിനുള്ള പ്രചാരണം നടത്തും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ നഗരി കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആദിവാസി കലാകാരന്മാർക്ക് ഓണം വാരാഘോഷത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക അവസരമൊരുക്കുന്നതിനൊപ്പം, തിരുവനന്തപുരം ജില്ലയിലെ ഉൾപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് നഗരത്തിലെത്തി ഓണാഘോഷം കാണുന്നതിനും ആസ്വദിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി ജോൺ പറഞ്ഞു.
ആഗസ്റ്റ് 24 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണം വാരാഘോഷം നടക്കുന്നത്. പ്രചാരണപരിപാടികൾ കാലതാമസമില്ലാതെ തുടങ്ങുന്നതിനും വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും യോഗത്തിൽ മന്ത്രി നിർദേശം നൽകി. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പരിപാടികൾ വൈകുന്നേരം ആറു മണി മുതൽ ആരംഭിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
ലഹരിക്കെതിരെയുള്ള സന്ദേശമായി തൂഫാൻ ഇത്തവണത്തെ വാരാഘോഷത്തിൽ ഒരു പ്രധാന തീം ആയി ഉൾപ്പെടുത്താൻ നിർദേശമുയർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡി.ടി.പി.സി.യുടെ നേതൃത്വത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കും.മുൻവർഷങ്ങളിലെ വേദികൾക്ക് പുറമെ ഇത്തവണ കോവളത്ത് പുതുതായി ഒരു വേദി കൂടി ആരംഭിക്കും. അതോടൊപ്പം ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ഓണത്തോടനുബന്ധിച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
എം.എൽ.എമാരായ എം വിൻസെന്റ്, എം.ആർ. ബൈജു, രമ്യാ ഹരിദാസ്, സുധീർഷാ പാലോട്, സി. കെ.ഹരീന്ദ്രൻ, ജി.സ്റ്റീഫൻ, വി മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ. ബി. കൃഷ്ണ, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.