anugrahavision.com

Onboard 1625379060760 Anu

പോലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണം – മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് നിർദ്ദേശം നൽകിയത്.

സേനയിലെ അംഗബലം കുറവായതിനാൽ പോലീസുദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദ്ദം കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പോലീസിൽ നിന്നും സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്ക്കരിച്ചാൽ മാത്രമേ ക്രമസമാധാന ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാൻ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പോലീസുദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

Spread the News
0 Comments

No Comment.