
മിഥുനമാസത്തിലെ അവസാനദിനമാണ് കർക്കിടക സംക്രാന്തി. മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു പഴമൊഴിയുണ്ട്
2026 ജൂലൈ 16 രാത്രി 11
വ്യാഴാഴ്ചയാണ് ഇപ്രാവശ്യം സംക്രമം വരുന്നത്.
കർക്കിടകത്തെ വരവേല്‍ക്കുന്നതിനായി കർക്കിടകതലേന്ന് പഴയകാലത്തു കേരളത്തിലെ ഹൈന്ദവഭവനങ്ങളിൽ ഏറെ ഭക്തിപുരസ്സരം നടന്നിരുന്ന ചേട്ടകളയലും ശീവോതി വയ്ക്കലും വെറുമൊരു ഓർമ്മയായി മാത്രം അവശേഷിക്കുന്നു.
വീടുകള്‍ വൃത്തിയാക്കി, കട്ടില്, ജനല്‍, വാതില്‍ എന്നിവയൊക്കെ അടിച്ചുകഴുകിയും മാറാലയും പൊടിയുമൊക്കെ തട്ടിക്കളഞ്ഞും വെടിപ്പാക്കുന്ന ഈ ദിവസത്തെ പുതുതലമുറയ്ക്ക് അറിഞ്ഞും കൂടാ പഴയ തലമുറ മറന്നും പോകുന്നു.
മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്കു മുമ്പായാണ് ചേട്ടയെ കളയല്‍ എന്ന ചടങ്ങ് നടക്കുന്നത്.
അമംഗളവസ്തുക്കളുടെ പ്രതീകങ്ങളായ പഴന്തുണി, പഴയ വസ്തുക്കള്‍, കുറ്റിച്ചൂല്, തുടങ്ങി പലതും കീറമുറത്തിലാക്കി പുറത്തേയ്ക്ക് കളയുന്നു. വീട്ടിലെ തലമുതിര്‍ന്ന സ്ത്രീയോ പരിചാരികയോ ചേട്ടയായി സ്വയം സങ്കൽപിച്ചുകൊണ്ട് ഈ ജോലി ഏറ്റെടുക്കുന്നു..
അവര്‍ കീറമുറമെടുത്ത് മുറികളിൽ ഓരോന്നിലും പോയി ചേട്ടാഭഗവതിയെ മുറത്തിലേക്ക് ആവാഹിക്കും. അപ്പോൾ മറ്റുള്ളവർ “ചേട്ട പുറത്ത് , ശ്രീപാർവതി അകത്ത് ” എന്ന് ഉറക്കെ മൂന്നുപ്രാവശ്യം ഉദ്ഘോഷിച്ച് വാതിലുകൾ കൊട്ടിയടക്കുന്നു.
പുറത്താക്കപ്പെട്ട ചേട്ട തിരിഞ്ഞു നോക്കാതെ പടികടന്നു പോകുമ്പോൾ മറ്റുള്ളവർ ചാണകം തളിച്ച് വഴി ശുദ്ധമാക്കുന്നു. പടിക്ക് പുറത്താക്കപ്പെട്ട ചേട്ട, മാലിന്യങ്ങൾ ചപ്പുചവറുകൾ കൂട്ടിയിടുന്ന ഭാഗത്ത് നിക്ഷേപിച്ച ശേഷം കുളത്തില്‍ കുളിച്ച് ശുദ്ധമായി ഐശ്വര്യത്തോടെ സന്ധ്യക്കു മുമ്പായി മടങ്ങിയെത്തുന്നു.
ശേഷം ശീവോതി വയ്ക്കൽ എന്ന ചടങ്ങാണ്. ശ്രീപാർവതിയെ പ്രതിഷ്ഠിക്കുന്നതാണ് ഈ ചടങ്ങ്. അഷ്ടമംഗലവും ദശപുഷ്പം, ഭസ്മം, കിണ്ടി, എന്നിവയെല്ലാം ആവണപ്പലകയില്‍ കിഴക്കോട്ടഭിമുഖമായി വയ്ക്കുന്നു.
കര്‍ക്കിടകം മുഴുവൻ രാവിലേയും സന്ധ്യക്കും ശീവോതി വക്കുകയും ദശപുഷ്പം ചൂടുകയും പതിവുണ്ട്.
എന്നാൽ കാലം മാറിയപ്പോൾ ഈ ആചാരങ്ങൾ ഒക്കെ നമ്മൾ മറന്നു.
ശീവോതിക്കു വച്ചു കഴിഞ്ഞു വെളി നടണം..
*എന്താണ് വെളിനടൽ-?*
കർക്കിടക മാസം ഒന്നാം തിയ്യതി ശീവോതിക്കു വച്ച ശേഷം നടത്തുന്ന ഒരു ചടങ്ങ്. ദശപുഷ്പങ്ങളായ നിലപ്പന(നെൽപാത), കൃഷ്ണക്രാന്തി, മുക്കുറ്റി, പൂവ്വാങ്കുറുന്നില, ഉഴിഞ്ഞ, മുയൽ ചെവിയൻ, (ഒരിചെവിയൻ), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), തിരുതാളി, കറുക, ചെറൂള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി വയ്ക്കുന്നു. വേരിന്റെ ഭാഗം മണ്ണുരുളകൊണ്ട് പൊതിയുന്നു. ഇതെല്ലാം കൂടി നടുന്നതിനാണ് വെളിനടലെന്നു പറയുന്നത്. പുരപ്പുറത്തും, ഉമ്മറമുറ്റത്തും തൊഴുത്തിന്റെ മുകളിലും നടും. കുട്ടികള്‍ ആര്‍പ്പു വിളിക്കും. മറ്റുള്ളവര്‍ ഏറ്റു വിളിക്കും. ചെടികള്‍ കാലക്രമേണ തഴച്ചു വളരും.
വള്ളുവനാടൻ പ്രദേശങ്ങളിലും മലബാറിലും ഏറെ കണ്ടുവരുന്ന ഈ ആചാരങ്ങൾ ഇപ്പോഴും ചില വീടുകൾ നടക്കുന്നുണ്ട് എന്നത് പഴയകാലത്തെ ഓർമ്മകളിലേക്കുള്ള ഒരു നീക്കി ഇരുപ്പായി നമുക്ക് കരുതാം. ഒപ്പം ഒരു സംസ്കാരത്തിന്റെ ശേഷിപ്പും……