തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള യുവതലമുറയുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഐ.ടി. മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെല്‍ത്ത് ടെക്‌നോളജി എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈ പ്രോഗ്രാമുകളിൽ ചേരാൻ https://ictkerala.org/open-courses എന്ന ലിങ്കിലൂടെ ജൂലൈ 25 വരെ അപേക്ഷിക്കാം.
ഐ.ടി. രംഗത്ത് മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ.ഐ., റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ വിത്ത് യു.ഐ. പാത്ത് (Ui Path), ഡെവോപ്‌സ് വിത്ത് അഷ്വര്‍ (DevOps with Azure), ഫ്‌ളട്ടര്‍ ഡവലപ്പര്‍ എന്നീ വിഷയങ്ങളിലെ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ പ്രവേശനം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനായി നടത്തുന്നു. എഞ്ചിനീയറിംഗ്-സയന്‍സ് ബിരുദധാരികള്‍, ഏതെങ്കിലും എന്‍ജിനീയറിംഗ് വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയുള്ളവര്‍, അവസാനവര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ അപേക്ഷകർക്ക് സ്‌കോളര്‍ഷിപ്പ്, ക്യാഷ് ബാക്ക് എന്നിവയോടൊപ്പം ലിങ്ക്ഡ് ഇന്‍ ലേണിങ്ങിന്റെ 12,000 രൂപയോളം വിലമതിക്കുന്ന മൂന്ന് മാസ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
മെഡിക്കല്‍ ടെക്‌നോളജി മേഖലയിലെ വിദഗ്ദ്ധരുടെ ലഭ്യതക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടത്തുന്ന ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാമിലേക്ക് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സ് കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ക്യാമ്പസിലാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ലിങ്ക്ഡ് ഇന്‍ സബ്സ്ക്രിപ്ഷൻ വഴി 14,000 കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനും ഇതിൽ അവസരമുണ്ട്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.സി.ടി. അക്കാദമിയും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പഠന ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പൻഡോടെ ഇന്റേണ്‍ഷിപ്പ് സൗകര്യവുമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങള്‍ക്ക്: +91 75 940 51437 / 471 2700 811.
No Comment.