anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നെഹ്റുട്രോഫി വള്ളംകളി ആലപ്പുഴയുടെ വികാരവും തനത് സംസ്കാരത്തിന്റെ ഭാഗവും: മന്ത്രി രമേശ് ചെന്നിത്തല*

നെഹ്റുട്രോഫി വള്ളംകളി നമ്മുടെ തനത് സംസ്കാരത്തിന്റെ ഭാഗവും ആലപ്പുഴയുടെ വികാരവുമാണെന്നും ഈ വർഷത്തെ വള്ളംകളി വലിയ വിജയമാക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വള്ളംകളി എല്ലാ വിഭാഗം ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന മഹത്തായ കായികവിനോദമാണിന്ന്. ജവഹർലാൽ നെഹ്റുവിന്റെ ഓർമ കൂടി പുതുക്കുന്നുണ്ട് നമ്മുടെ നെഹ്റുട്രോഫി വള്ളംകളി. അതുകൊണ്ട് കൂട്ടായ പരിശ്രമത്തിലൂടെ നമ്മുടെ വള്ളംകളിയെ കൂടുതൽ ആവേശകരവും ആകർഷകവുമാക്കാനാവണം. ആഭ്യന്തരമന്ത്രിയെന്ന നിലക്ക് വള്ളംകളിക്ക് ആവശ്യമായ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പിന്തുണയും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യവും പിന്തുണയും ഈ വർഷത്തെ നെഹ്റുട്രോഫി വള്ളംകളി വലിയ വിജയമാക്കുന്നതിന് പ്രചോദനം നൽകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിവിധ സബ്കമ്മിറ്റികൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ അതത് കൺവീനർമാർ അവതരിപ്പിച്ചു. വള്ളംകളി വേദിയും സൗകര്യങ്ങളും മികച്ച രീതിയിൽ ഒരുക്കുന്നതിന് ഈ ജോലികൾ ടെൻഡർ ചെയ്ത് പ്രൊഫഷണൽ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നെഹ്റുപവലിയനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും പവലിയനിലെ ജനത്തിരക്ക് നിയന്ത്രിക്കാനും സംവിധാനം ഒരുക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി അറിയിച്ചു. പന്തൽ കാൽനാട്ട് കർമ്മം ആഗസ്റ്റ് ഒന്നിന് നടത്തും. വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 1 മുതൽ 10 വരെയും ക്യാപ്റ്റൻസ് ക്ലിനിക് 11 നും സംഘടിപ്പിക്കും. വള്ളംകളി സ്പോൺസർഷിപ്പിന് താൽപര്യപത്രം ക്ഷണിക്കും. 3.5-4 കോടി രൂപയാണ് സ്പോൺസർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. 10 ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും എസ്ബിഐ, ഫെഡറൽബാങ്ക്, ഗ്രാമീൺബാങ്ക് എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടത്തും. വള്ളംകളിയോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര 18 നും സാംസ്കാരിക പരിപാടികൾ 18,19, 20 തീയതികളിലും സംഘടിപ്പിക്കും.
യോഗത്തിൽ നഗരസഭ ചെയർപെഴ്സൺ മോളി ജേക്കബ്, മുൻ എം എൽ എമാരായ അഡ്വ. എ എ ഷുക്കൂർ, സി കെ സദാശിവൻ, എഡിഎം സി പ്രേംജി, ഡെപ്യൂട്ടി കളക്ടറും ആർ ഡി ഒ ഇൻചാർജുമായ എം ജേ മോബി, ഫിനാൻസ് ഓഫീസർ അജയാനന്ദ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ്. വിനോദ്, ആലപ്പുഴ ഡെ. പൊലീസ് സുപ്രണ്ട് ജി മുകേഷ്, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment