ലക്കിടി: മലയാള ചലച്ചിത്ര ലോകത്തിന് ഇന്നും മറക്കാനാവാത്ത എ.കെ.ലോഹിതദാസിൻ്റെ ഓർമ്മകൾ കാലത്തിനൊപ്പം ഇന്നും കൂട്ടിവെക്കുകയാണ് അകലൂരിലെ അമരാവതി. ആ ജീവിതവഴിയിലെ ഇന്നലകളെ കുറിച്ച് പറയാൻ തുടങ്ങിയാൽ സിന്ധു ചേച്ചി ഇന്നും സ്നേഹ നൈർമല്യത്തോടെ ഏറെ വാചാലമാകും. നാട്ടിടവഴികൾ ഇറങ്ങി ചെന്ന് കഥകൾ തേടി നടന്ന ലോഹിതദാസ് വിടചൊല്ലി ഇന്ന് 15 വർഷങ്ങൾ തികയുകയാണ് കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ് ഒരു പിടി സൂപ്പർഹിറ്റുകൾ മലയാളിയ്ക്ക് നൽകിയ ഈ കഥാകാരൻ ഒരു തോരാമഴ തീർത്തിടത്ത് 2009 ഒരു ജൂൺ 28 ന് ആണ് പാതിവഴിയിൽ കഥകൾ ബാക്കി വെച്ച് മലയാള ചലച്ചിത്ര ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത നൊമ്പരമായ് തിരികെ മടങ്ങിയത്. മലയാള സിനിമാലോകവും ആരാധക വൃന്ദവും കണ്ണീർ പൊഴിച്ച് ഇവിടേയ്ക്ക് ഒഴുകിയെത്തി യാത്രാമൊഴിയേകി കടന്നുപോയതും ഇന്നലെകളെ പോലെ. പെരിയാറിൻ്റെ തീരത്തെ ചാലക്കുടിയിൽ നിന്നെത്തി നിളയോരത്തെ ഒറ്റപ്പാലത്തെ പഴയ ലക്കിടിയിലെ അകലൂർ ക്കാരനായി മാറുകയായിരുന്നു. വള്ളുവനാടിന്റെ ഗ്രാമീണത്വം ഏറെ നെഞ്ചേറ്റി ഒടുവിൽ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെ തന്നെ. തിരകഥകളും ചിത്രീകരണങ്ങളുമായി ബന്ധപ്പെട്ട് പലവഴി പോയപ്പോഴും അദ്ദേഹം ഇവിടേയ്ക്ക് തിരികെ എത്തി. കഥകളോടും കഥാപാത്രങ്ങളോടും മന്ത്രിച്ചു. ഇവിടെ നിന്ന് പോകാത്തിടത്ത് ഷൊർണ്ണൂരും ഒറ്റപ്പാലവും, തിരുവില്വാമലയിലും ഒക്കെ സമയങ്ങൾ ഏറെ ചിലവഴിച്ചു. ജാഡകൾ ഇല്ലാത്തിടത്ത് തനി നാട്ടിൽപുറത്തെ വലിയ സൗഹൃദ വലയം അദ്ദേഹം കൂടെ നിർത്തി. പെരിയാറിന്റെ കരയിൽ നിന്ന് നിളയരികിലേയ്ക്ക് ലോഹി എത്തിയത് അഭ്രപാളികളിൽ കെട്ടുറപ്പുള്ള കഥയും ജീവസുറ്റ കഥാപാത്രങ്ങളെയും തേടി ആയിരുന്നു. ഇവിടെ പലരിലൊരാളായി ഇറങ്ങിചെന്ന് സ്നേഹിക്കാൻ മടിച്ചില്ല. തനിയാവർത്തനത്തിലെ ബാലൻമാഷിനെയും, കിരീടത്തിലെ സേതുമാധവനെയും കൂടെ ചേർത്തിടത്ത് പാഥേയം അഴിച്ചു വെച്ച് ലോഹി മടങ്ങി. ഇപ്പോഴും ചലച്ചിത്ര ലോകത്തിനും പ്രേക്ഷക മനസ്സിനും തീരാനഷ്ടമാണ് ഈ വിടവ്. പത്മരാജനും ഭരതനും ശേഷം അൽപ്പമെങ്കിലും അത് നികത്തിയ ശ്രേണിയിൽ കെട്ടുറപ്പുള്ള തിരകഥകളിൽ ബന്ധങ്ങളുടെ കഥ പറഞ്ഞിടത്ത് സിബിമലയലിനൊപ്പം സത്യൻ അന്തിക്കാടിനും എന്തിനേറെ ഷാജി കൈലാസിനുമൊപ്പം വരെ സെറ്റുകളിൽ ലോഹി ഇറങ്ങി ചെന്നു. മനസ്സ് തൊടുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം സൃഷ്ടിച്ചെടുത്ത് വെള്ളിവെളിച്ചത്തിലൂടെ അഭ്രപാളിയിൽ തെളിയിച്ചത്. ഭൂതകണ്ണാടിയിലൂടെ അദ്ദേഹം നോക്കിയിടത്ത് കാരുണ്യം കൂട്ടി വെച്ചാണ് അകലൂരിലെ വല്ലീല്ലത്ത് തറവാട് അദ്ദേഹം ഇഷ്ടപ്പെട്ടു പോയത്. ഇത് വാങ്ങിയെടുത്ത് അമരാവതിയാക്കി മാറ്റുകയായിരുന്നു. ഇന്ന് രാവിലെ നടന്ന 15-ാം ഓർമ്മദിനത്തിൽ ച്ഛായചിത്രത്തിലും സ്മൃതികുടീരത്തിലും ഭാര്യ സിന്ധു ലോഹിതദാസും മക്കളായ ഹരികൃഷ്ണനും, വിജയ ശങ്കറും ആരാധകരും നവാഗതരായ സിനിമാ പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഉദയ ശങ്കരൻ,
രാജേഷ് കിള്ളികുറിശ്ശിമംഗലം തുടങ്ങി നിരവധി പേർ പങ്കെടുത്തു
No Comment.