anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!*

തിരുവനന്തപുരം: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാവുകയാണ് അനീഷ് പി രാജൻ. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മലയാളി സ്പിന്നർ ആഭ്യന്തര ക്രിക്കറ്റ് മൈതാനങ്ങളിലും വിക്കറ്റ് വേട്ട തുടരുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) സംഘടിപ്പിക്കുന്ന എൻ.എസ്.കെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനവുമായി അനീഷ് ശ്രദ്ധേയനായി.ഇടുക്കിക്ക് വേണ്ടി പന്തെറിഞ്ഞ അനീഷ്, വെറും 17 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.

ജന്മനാ വലതുകൈപ്പത്തിക്ക് വൈകല്യമുണ്ടായിരുന്നിട്ടും (ഇടതുകൈ കൊണ്ട് പന്തെറിയുന്ന താരം) ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് അനീഷ് ക്രിക്കറ്റ് ലോകത്തിൻ്റെ നെറുകയിലെത്തിയത്. ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ടൂർണമെൻ്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഇടുക്കിക്കാരനായിരുന്നു. 11 വിക്കറ്റുകളായിരുന്നു ടൂർണ്ണമെൻ്റിൽ അനീഷ് നേടിയത്.

ഇടുക്കി പാറേമാവ് പടീതറയിൽ പി.രാജന്റെയും കെ.കെ.ശ്യാമളയുടെയും മൂന്ന് മക്കളിൽ ഇളയയാളാണ് അനീഷ്. വളരെ ചെറുപ്പത്തിലെ ക്രിക്കറ്റ് ലോകത്തേയ്ക്ക് ചുവട് വച്ച അനീഷ് വിവിധ ഏജ് ഗ്രൂപ്പ് മത്സരങ്ങളിലൂം മികവ് തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി നടക്കുന്ന എൻ.എസ്.കെ ട്രോഫിയിലും സ്പിൻ മാന്ത്രികത ആവർത്തിക്കുന്ന അനീഷ്, കായികലോകത്തിന് ഒന്നടങ്കം വലിയൊരു പ്രചോദനമാവുകയാണ്.

Spread the News

Leave a Comment